സ്വന്തം ലേഖകൻ: ഹവായിയിലെ മാവുയി ദ്വീപിലുണ്ടായ കാട്ടുതീയിൽ മരണം 80 ആയെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു. ആയിരത്തോളം കെട്ടിടങ്ങൾ ചാന്പലായി. 1,418 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്.
ഇതിനിടെ, ഹവായ് അറ്റോർണി ജനറൽ ആനി ലോപ്പസ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ലാഹെയ്ന പട്ടണത്തിൽ അതിവേഗം തീപടർന്നതിന്റെയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ വൈകിയതിന്റെയും കാരണം കണ്ടെത്തുകയാണ് ലക്ഷ്യം. ദുരന്തത്തെക്കുറിച്ചു ജനങ്ങൾക്കു മുന്നറിയിപ്പു നല്‍കിയതിൽ വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
മൂന്നു കാട്ടുതീകളാണ് ചൊവ്വാഴ്ച മുതൽ പടർന്നത്. വരണ്ട കാലാവസ്ഥയും ദ്വീപിനു സമീപം കൊടുങ്കാറ്റ് അനുഭവപ്പെട്ടതും തീ അതിവേഗം പടരാൻ ഇടയാക്കി. ടൂറിസ്റ്റ് കേന്ദ്രമായ ലാഹെയ്ന പട്ടണം ചാരക്കൂന്പാരമാണ്. പട്ടണനിവാസികൾ ഇന്നലെ തിരിച്ചെത്തി നാശനഷ്ടങ്ങൾ നേരിട്ടു കണ്ടു. സർക്കാരിനെതിരേ പലരും രോഷം പ്രകടിപ്പിച്ചു.
ദുരന്തമേഖലയിൽ നായകളെ ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കും. ഹവായി നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല