സ്വന്തം ലേഖകൻ: ഫിഫ 2022 ലോകകപ്പിന് ടിക്കറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹയ്യാ കാര്‍ഡ് ലഭിച്ച ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് നവംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഖത്തറിലേക്ക് സ്വാഗതം. ലോകകപ്പ് കാണികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഖത്തറില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് മുഴുവനായും ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ വ്യവസ്ഥയോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഇനി ആവശ്യമില്ല.
ഫുട്‌ബോള്‍ ലോകകപ്പ് അവസാനിക്കുന്നത് വരെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വേറെ വിസയുടെ ആവശ്യമില്ല. ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റായി ഹയ്യാ കാര്‍ഡാണ് പരിഗണിക്കപ്പെടുക. ലോകകപ്പ് ടിക്കറ്റെടുത്ത് താമസ കേന്ദ്രം ബുക്ക് ചെയ്ത ശേഷം ഓണ്‍ലൈനായി ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ക്കാണ് ഇത് ലഭിക്കുക. അപേക്ഷ നല്‍കിയവര്‍ക്ക് ഇതിനകം ഹയ്യാ കാര്‍ഡ് ഇമെയില്‍ ലഭിച്ചു തുടങ്ങി.
എ4 സൈസ് പേപ്പറില്‍ നാലായി മടക്കാവുന്ന രീതിയിലാണ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാര്‍ഡ് ഉടമയുടെ പേര്, രാജ്യം, ഫോട്ടോ, ഹയ്യാ കാര്‍ഡ് നമ്പര്‍, പ്രവേശനം അനുവദിക്കുന്ന തീയതി, അവസാനമായി പ്രവേശിക്കാവുന്ന തീയതി എന്നീ വിവരങ്ങള്‍ക്കൊപ്പം ക്യുആര്‍ കോഡ് കൂടി അടങ്ങിയതാണ് ഹയ്യാ കാര്‍ഡ്. ഖത്തറില്‍ എവിടെയും സഞ്ചരിക്കാനുള്ള ഡിജിറ്റല്‍ ഐഡിയായി ഹയ്യാ കാര്‍ഡ് പരിഗണിക്കപ്പെടും. നല്ല എ4 പേപ്പറില്‍ വ്യക്തമായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചാല്‍ മതിയാവുമെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍പോര്‍ട്ടിലും കര അതിര്‍ത്തിയായ സല്‍വാ ക്രോസിംഗിലും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് താമസ സ്ഥലങ്ങളിലേക്കും സ്റ്റേഡിയങ്ങളിലേക്കും യാത്ര ചെയ്യാന്‍ വിപുലമായ ഗതാഗത സൗകര്യങ്ങളും സജ്ജമാണ്. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള മെട്രോ, ബസ് യാത്രകള്‍ സൗജന്യമാണ്. ലക്ഷണക്കണക്കിന് വരുന്ന സന്ദര്‍ശകര്‍ക്ക് താമസിക്കാനാവട്ടെ മരുഭൂ ടെന്റുകള്‍ മുതല്‍ ആഢംബര കപ്പലിലെ മുറുകള്‍ വരെ തയ്യാറായിക്കഴിഞ്ഞു.
കളി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തറിനെയും അതിന്റെ സംസ്‌ക്കാരത്തെയും പരിചയപ്പെടുത്തുന്നതിനായുള്ള വിപുലമായ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ഫാന്‍ വില്ലേജുകളിലും ഫാന്‍ ബീച്ചുകളിലുമായി ഒരുക്കിയിരിക്കുന്ന വിനോദ വിശ്രമ സൗകര്യങ്ങള്‍ക്കും പുറമെ, കോര്‍ണിഷിലും കത്താറ കള്‍ച്ചറല്‍ വില്ലേജിലും സൂഖ് വാഖിഫിലുമൊക്കെയായി വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും അണമുറിയാത്ത പ്രവാഹമാണ് അരങ്ങേറുക. കലയും സംഗീതവും നൃത്തവും ഖത്തറിലെ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും.
നവംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 22 വരെയുള്ള ദിവസങ്ങളില്‍ സെന്‍ട്രല്‍ ദോഹയില്‍ കാല്‍നടയായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറി അറിയിച്ചു. ഈ കാലയളവില്‍ ഇവിടെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സെന്‍ട്രല്‍ ദോഹയില്‍ നടക്കുന്ന വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതിനും അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ എത്തിച്ചേരാനും ആഗ്രഹിക്കുന്നവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അശ്ഗാല്‍ ടവര്‍, അല്‍ ബിദ്ദ പാര്‍ക്ക്, ഖലീഫ ടെന്നിസ്, സ്‌ക്വാഷ് കോംപ്ലക്‌സ്, സൂഖ് വാഫിഖ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്ക്, ഓള്‍ഡ് ദോഹ പോര്‍ട്ട് എന്നിവിടങ്ങളില്‍ ടാക്‌സിയില്‍ വന്ന് സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കാം. അല്‍ ബിദ്ദ പാര്‍ക്ക്, കോര്‍ണിഷ്, വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി എന്നീ മെട്രോ സ്‌റ്റേഷനുകള്‍ വഴിയും ഇവിടേക്ക് എത്തിച്ചേരാം. സെന്‍ട്രല്‍ ദോഹയിലേക്ക് പ്രത്യേകമായി ഷട്ടില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല