സ്വന്തം ലേഖകന്‍: ഹൈദരാബാദ് യൂണിവേഴ്സിറ്റി വിസി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാര്‍ഥിയുടെ പ്രതിഷേധം, പ്രതിഷേധിച്ചത് രോഹിത് വെമുലക്കൊപ്പം പുറത്താക്കപ്പെട്ടയാള്‍. ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്സിറ്റിയില്‍ രോഹിത് വെമുലയുടെ കൊലയാളിയായ അപ്പാ റാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി സുങ്കണ്ണ വെല്പുല എന്ന വിദ്യാര്‍ഥിയാണ് പ്രതിഷേധിച്ചത്.
രോഹിത് വെമുലക്കൊപ്പം സര്‍വകലാശാലയില്‍ നിന്ന് നടപടി നേരിട്ട നാല് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് സുങ്കണ്ണ. പേര് വിളിച്ചത് പ്രകാരം വേദിയില്‍ എത്തിയ സുങ്കണ്ണ, അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് തുറന്നടിച്ചു. തുടര്‍ന്ന് പ്രോ വൈസ് ചാന്സ്ലര് വിപിന്‍ ശ്രീവാസ്തവ അധ്യക്ഷ വേദിയില്‍ നിന്ന് എഴുന്നേറ്റ് വന്ന് സുങ്കണ്ണയ്ക്ക് ഡോക്ടറേറ്റ് ബിരുദം കൈമാറി.
സര്‍വകലാശാലയുടെ കോണ്വൊക്കേഷന് ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. സുങ്കണ്ണയുടെ പ്രതിഷേധത്തെ കരഘോഷത്തോടെ മറ്റ് വിദ്യാര്‍ഥികള്‍ പ്രോത്സാഹിപ്പിച്ചു. സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് നേതാവാണ് സുങ്കണ്ണ. ജനുവരി പതിനേഴിന് സര്‍വകലാശാല ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ കലാലയങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.
ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അപ്പാ റാവു ജനുവരിയില്‍ അവധിയില്‍ പ്രവേശിച്ചു. വീണ്ടും വിസിയായി മെയ് മാസത്തില്‍ തിരിച്ചെത്തിയപ്പോഴും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നേരിടേണ്ടി വന്നു. രോഹിത്തിന്റെ ആത്മഹത്യയില്‍ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം അപ്പാ റാവുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല