1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2024

സ്വന്തം ലേഖകൻ: 2024ന്‍റെ ആദ്യ പകുതിയില്‍ 184 വിദേശ കമ്പനികള്‍ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റിയതായി സൗദി അറേബ്യയുടെ നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2024ന്‍റെ ആദ്യ പാദത്തില്‍ 127 വിദേശ കമ്പനികളാണ് സൗദിയില്‍ നിന്ന് നിക്ഷേപ ലൈസന്‍സ് സ്വന്തമാക്കിയത്.

എന്നാല്‍ രണ്ടാം പാദത്തില്‍ 57 വിദേശ കമ്പനികള്‍ കൂടി സൗദി അറേബ്യയില്‍ തങ്ങളുടെ റീജിയണല്‍ ഓഫീസുകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് നേടി. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 84 ശതമാനം വര്‍ധനവാണ്. ഇതോടെ വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലെ മൊത്തം ലൈസന്‍സുകളുടെ എണ്ണം 184 ആയി. നിക്ഷേപ അന്തരീക്ഷം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളാണ് ഇതിന് പ്രധാനമായും കാരണമായത്.

‘ഇന്‍വെസ്റ്റര്‍ വീസിറ്റ്’ വീസകള്‍ക്കായുള്ള 4,709 അപേക്ഷകള്‍ നിക്ഷേപ മന്ത്രാലയം കൈകാര്യം ചെയ്തു. ഇത് രാജ്യത്തിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള നിക്ഷേപകരുടെ സന്ദര്‍ശനം സുഗമമാക്കാന്‍ ഇതുവഴി സാധിച്ചതായി അധികൃതര്‍ പറഞ്ഞു. നിയമനിര്‍മ്മാണപരവും നടപടിക്രമപരവുമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപകര്‍ നേരിടുന്ന 38 പ്രശ്‌നങ്ങള്‍ക്ക് നിക്ഷേപക മന്ത്രാലയം പരിഹാരം കണ്ടെതായും അധികൃതര്‍ വ്യക്തമാക്കി.

ഈ കാലയളവില്‍ നല്‍കിയ നിക്ഷേപ ലൈസന്‍സുകള്‍ 49.6 ശതമാനം വര്‍ധിച്ച് 2,728 ല്‍ എത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ഏകദേശം 1,824 ലൈസന്‍സുകളായിരുന്നു നല്‍കിയിരുന്നത്. രാജ്യത്തെ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ ക്യാംപയിനെ തുടര്‍ന്ന് പുതുക്കി നല്‍കിയ ലൈസന്‍സുകള്‍ കൂടാതെയുള്ളതാണ് ഈ കണക്ക്.

നിർമാണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലാണ് പുതിയ നിക്ഷേപ ലൈസന്‍സുകളില്‍ ഭൂരിഭാഗവുമെന്ന് മന്ത്രാലയം അറിയിച്ചു. 209.1 ശതമാനം വര്‍ദ്ധനയോടെ ലൈസന്‍സ് വിതരണത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഖനന, ക്വാറി മേഖലകളാണ് സ്വന്തമാക്കിയത്. മൊത്ത, ചില്ലറ വ്യാപാരവും മറ്റ് സേവനങ്ങളും ഉള്‍പ്പെട്ട മേഖലയാണ് തൊട്ടുപിന്നിലുള്ളത്.

നേരത്തേ രാജ്യത്തെ നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുന്നതിനും ഇത്തരം കമ്പനികള്‍ക്കു മാത്രമേ അനുവാദമുണ്ടായിരിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനു ശേഷം പല ബഹുരാഷ്ട്ര കമ്പനികള്‍ അടക്കം അവരുടെ പ്രാദേശിക ആസ്ഥാനം മേഖലയിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.