സ്വന്തം ലേഖകന്‍: തലയില്‍ സ്‌കാര്‍ഫ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട മുസ്ലീം യുവതിക്ക് അനുകൂല വിധിയുമായി അമേരിക്കന്‍ കോടതി. ജോലി നിഷേധിച്ച കമ്പനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ യുഎസ് സുപ്രീം കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു.
അമേരിക്കയിലെ ഒക്‌ലഹോമയില്‍ 2008 ലാണ് കേസിനാസ്പദമായ ജോലി നിഷേധം ഉണ്ടായത്. അന്ന് പരാതിക്കാരിക്ക് 17 വയസ്സായിരുന്നു. തല മറച്ചെത്തിയ സമന്‍ത എലൂഫിന് സെയില്‍സ് വിഭാഗത്തില്‍ ജോലി നല്‍കാനാകില്ലെന്ന് ഒക്‌ലഹോമയിലെ അബര്‍ക്രോംബീ ആന്‍ഡ് ഫിച്ച് ക്ലോതിംഗ് ചെയിന്‍ കമ്പനി അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചു. സെയില്‍സ് സ്റ്റാഫിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള വസ്ത്രധാരണ രീതിക്ക് തലമറക്കുന്ന വസ്ത്രം യോജിക്കില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദങ്ങളെ തള്ളിയാണ് സുപ്രീം കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
വിധിയെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (സിഎഐആര്‍) സ്വാഗതം ചെയ്തു. അമേരിക്കയിലെ മുസ്ലീങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് സിഐഎആര്‍.
ഇസ്ലാമോഫോബിയ അമേരിക്കയില്‍ കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് കോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്നും ഇത് ചരിത്രപരമായ വിധിയാണെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല