പണത്തിന് വേണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ബോളിവുഡ് നടി മീനാക്ഷി ഥാപയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇവരെ തട്ടിക്കൊണ്ടു പോയ അമിത് കുമാര്‍ ജസ്വാളും പ്രീതി സുരിനും താമസിച്ച വാടകവീട്ടിലെ ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
നടിയെ കൊന്ന ശേഷം തല അറുത്ത് മൃതദേഹം കുടിവെള്ള ടാങ്കിലിടുകയായിരുന്നുവെന്ന് അമിത് പൊലീസിന് മൊഴി നല്‍കി. പിന്നീട് തല അലഹബാദിനും ലഖ്‌നൗവിനും ഇടയിലുള്ള യാത്രക്കിടെ ഉപേക്ഷിച്ചു. ദര്‍ഭാഗ കോളനിയില്‍ മുന്‍ ജസ്റ്റിസിന്റെ ബംഗ്ലാവിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു കഴിയുകയാണ് പ്രതികളിലൊരാളായ പ്രീതി സുരിന്‍. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഠിക്കുന്ന കാലം മുതല്‍ തന്നെ പ്രീതിയും അമിതും സുഹൃത്തുക്കളാണ്. ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ മാര്‍ച്ച് 16ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
നേപ്പാള്‍ സ്വദേശിനിയായ മീനാക്ഷിയ്ക്ക് മധൂര്‍ ഭണ്ഡാര്‍ക്കറുടെ പുതിയ ചിത്രമായ ഹീറോയിനില്‍ ഒരു ചെറിയ വേഷം ലഭിച്ചിരുന്നു. ഹീറോയിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് പ്രതികള്‍ മീനാക്ഷിയുമായി സൗഹൃദത്തിലാവുന്നത്.
താന്‍ നല്ല സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണെന്നും അഭിനയമോഹം കൊണ്ട് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയതാണെന്നും മീനാക്ഷി ഇരുവരോടും പറഞ്ഞു. ഇത് വിശ്വസിച്ച അമിതും പ്രീതിയും പണത്തിന് വേണ്ടി മീനാക്ഷിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ നടി കള്ളം പറയുകയായിരുന്നും പണം ലഭിക്കില്ലെന്നും മനസ്സിലായതോടെ ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ കൊല്ലുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല