സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യ പരിശോധന നടത്തണമെന്ന് പാർലമെൻ്റിൽ ശിപാർശ. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് നിർദേശമെന്ന് ഈ ആവശ്യം ഉന്നയിച്ച അഞ്ചോളം എം.പിമാർ വ്യക്തമാക്കി.
വീട്ടു ജോലിക്കാരും മറ്റ് ഗാർഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തിൽ നിർബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാർലമെന്റില്‍ എം.പിമാരുടെ ശിപാർശ. ഫാതിമ അൽഖതരിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് പാർലമെൻ്റിൽ ഈ നിർദേശം മുന്നോട്ട് വെച്ചത്.
വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ഉദ്യാനപരിപാലകർ, ഹോം നഴ്സുമാർ എന്നിവർ ആവശ്യമായ വൈദ്യപരിശോധനകൾക്ക് മുമ്പ് ജോലികളിൽ പ്രവേശിക്കുന്നത് വഴി വീടുകളിലുള്ളവർക്ക് അസുഖങ്ങൾ പടരുന്നതിനുള്ള സാധ്യത തടയുവാനാണ് ഈ ആവശ്യമുന്നയിച്ചതെന്ന് എം.പിമാർ വ്യക്തമാക്കി.
നിലവിൽ ഗാർഹിക ജോലിക്കാർ മെഡിക്കൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുമ്പ് രോഗികളാണോ അല്ലയോ എന്നറിയാതെ ദിവസങ്ങളോളം വീടുകളിൽ എത്തി താമസിക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കി വിമാനത്താവളങ്ങളിൽനിന്ന് മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിനുശേഷം മാത്രം വീടുകളിൽ ജോലിയിൽ പ്രവേശിക്കുന്നത് വഴി വീട്ടിലുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്താൻ കഴിയുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല