1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2023

സ്വന്തം ലേഖകൻ: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി അപകടസാധ്യതയുള്ളവര്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതിനിടെ ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു. റോഡരികിൽ പല ഇടങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ അതീവ ഗുരുതര മാകും കൊച്ചിയിലെ സ്ഥിതി.

കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ റോഡരികുകൾ മാലിന്യ കൂമ്പാരങ്ങൾകൊണ്ട് നിറഞ്ഞു. വൈറ്റില, ചക്കരപറമ്പ്, തമ്മനം, കലൂർ തുടങ്ങി കോർപറേഷൻ പരിധിയിലെ മിക്ക റോഡുകളിലും സമാന സ്ഥിതിയാണ്. വീടുകളിൽ നിന്നും ഫ്‌ലാറ്റുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളുന്നത്. പലതും പുഴുവരിച്ച നിലയിലാണ്. കവറുകൾ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നുണ്ട്. വഴിയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ.

മാലിന്യ നീക്കം പുനസ്ഥാപിക്കാൻ അമ്പലമേട് സ്ഥലം കണ്ടെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഒന്നുമായില്ല. മാലിന്യം തള്ളാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.