സ്വന്തം ലേഖകൻ: സന്ദർശകർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസിൽ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ അടിയന്തര ചികിത്സ തേടാമെന്ന് വ്യക്തമാക്കി എച്ച്.എം.സി. സന്ദർശക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷകളുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
എച്ച്.എം.സി ഓൺലൈനിലാണ് ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അധികൃതർ പങ്കുവെച്ചത്. ഒന്നര ലക്ഷം റിയാൽ വരെയുള്ള അടിയന്തര ചികിത്സ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരം ഹമദിനു കീഴിൽ ലഭ്യമാകും.
അതേസമയം, അടിയന്തര ചികിത്സ ആവശ്യമുള്ള കേസാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമെ ഇൻഷുറൻസ് പോളിസിക്കു കീഴിൽ പരിരക്ഷ ലഭിക്കുകയുള്ളൂ. അല്ലാത്ത പക്ഷം, സന്ദർശകരായ രോഗികൾ ചികിത്സക്കുള്ള പണം അടക്കേണ്ടി വരും. എച്ച്.എം.സി ചട്ടപ്രകാരം സ്വദേശികൾ, താമസക്കാർ, ജി.സി.സി പൗരന്മാരായ സന്ദർശകർ എന്നിവർക്കു മാത്രമാണ് സൗജന്യ ചികിത്സയുള്ളത്.
പരിരക്ഷ ലഭിക്കുന്ന രോഗാവസ്ഥയാണോ എന്ന് ഉറപ്പിക്കാൻ എമർജൻസി ഡിപ്പാർട്മെൻറിലെ ഇൻഷുറൻസ് കോഓഡിനേഷൻ അംഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്നും എച്ച്.എം.സി ഓർമിപ്പിക്കുന്നു. അതേസമയം, എമർജൻസി ചികിത്സ അനിവാര്യമായ കേസിൽ ചികിത്സ ചെലവ് ഒന്നര ലക്ഷം റിയാലിനും മുകളിലായാൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുകയും, അധിക തുക പോളിസി കവറേജിന് അനുസരിച്ച് ഈടാക്കുകയും ചെയ്യാവുന്നതാണ്.
എച്ച്.എം.സിക്ക് കരാർ ഇല്ലാത്ത ഇൻഷുറൻസ് കമ്പനിക്കു കീഴിലാണ് പോളിസിയെങ്കിൽ, പണം നേരിട്ട് ആശുപത്രിയിൽ അടക്കുകയും, പിന്നീട് കമ്പനിയിൽനിന്ന് റീഇംമ്പേഴ്സ്മെൻറ് ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. അതേസമയം, എച്ച്.എം.സി അംഗീകൃത ഇൻഷുറൻസ് കമ്പനിയാണെങ്കിൽ ആശുപത്രി നേരിട്ടു തന്നെ ചികിത്സക്ക് ചെലവായ തുക ഈടാക്കും.
2023 മുതലാണ് ഖത്തറിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധിതമാക്കിയത്. ജി.സി.സി പൗരന്മാരായ സന്ദർശകർക്ക് ഇൻഷുറൻസ് നിർബന്ധമില്ല.
പരിരക്ഷകൾ
ഒന്നര ലക്ഷം റിയാൽ വരെ എമർജൻസി മെഡിക്കൽ ട്രീറ്റ്മെൻറ്
35,000 റിയാൽ വരെ: എമർജൻസി മെഡിക്കൽ അസിസ്റ്റൻസ് (ആംബുലൻസ് ട്രാൻസ്പോർട്ടേഷൻ, നാട്ടിലേക്കുള്ള യാത്ര തുടങ്ങിയവ)
50,000 റിയാൽ വരെ: കോവിഡ് ക്വാറൻറീൻ
10,000 റിയാൽ വരെ: മൃതദേഹം നാട്ടിലെത്തിക്കാൻ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല