സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ കുവൈത്തിലെ ആരോഗ്യ മന്ത്രാലയവും തങ്ങള്‍ക്കു കീഴിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. 2024 ജൂലൈ അവസാനത്തോടെ എല്ലാ ജീവനക്കാരും തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആരോഗ്യമന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി പുറത്തിറക്കിയ അഡ്മിനിസ്‌ട്രേറ്റീവ് സര്‍ക്കുലറിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക, ‘മൈ ഐഡി’ ആപ്ലിക്കേഷനിലൂടെ അവരുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യുക, അവരുടെ ജോലിയുമായി ബന്ധപ്പെട്ട ഡാറ്റ നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജീവനക്കാര്‍ അവരുടെ ഫോണ്‍ നമ്പറുകളും വ്യക്തിഗത ഇമെയിലുകളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ ഏതെങ്കിലും പുതിയ അക്കാദമിക് യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. 2024 ജൂലൈ 31-നകം തങ്ങളുടെ ജീവനക്കാര്‍ ആവശ്യമായ രേഖകളെല്ലാം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന കാര്യം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം.
നേരത്തേ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ കീഴിലെ ജീവനക്കാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടഫിക്കറ്റുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിനകം 18000ത്തിലേറെ പേര്‍ അവ അപ്ലോഡ് ചെയ്‌തെങ്കിലും 19,000ത്തോളം ഇനിയും അത് ചെയ്യാന്‍ ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രേഖള്‍ അപ്ലോഡ് ചെയ്യാത്തവര്‍ക്ക് കഴിഞ്ഞ ദിവസം ഒരാഴ്ച കൂടി സമയം നീട്ടിനല്‍കിയിരുന്നു. അതിനു ശേഷവും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ബാക്കിയുള്ളവരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല