സ്വന്തം ലേഖകൻ: സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റപ്പോർട്ട്. അർഹരായ വ്യക്തികൾക്ക് മാത്രമേ സിക്ക് ലീവ് ലഭിക്കുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. എല്ലാ സിക്ക് ലീവ് പെർമിഷനുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും അതിന്റെ സ്വഭാവം വിലയിരുത്താനും ലീവ് അംഗീകരിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കാനും മറ്റു വിശദാംശങ്ങൾ അവലോകനം ചെയ്യാനും മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.
അസുഖ അവധി ഉചിതമായ രീതിയിൽ അനുവദിക്കുന്നതിൽ സ്വകാര്യ ആശുപത്രികൾക്ക് നിർണായക പങ്കാണ് വഹിക്കാനുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മസ്ലാഹിയാണ് വ്യക്തമാക്കിയത്. മെഡിക്കൽ ലീവ് ദുരുപയോഗം ചെയ്യുന്നത് കമ്പനികൾക്കും സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾക്കും ഒരു പ്രധാന പ്രശ്നമാണ്.
ഓഡിറ്റിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു . കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 500,000 സിക്ക് ലീവുകൾ സ്വകാര്യമേഖലയിൽ അനുവദിച്ചതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, അർഹരായ വ്യക്തികൾക്ക് മാത്രം അവധി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യമന്ത്രാലയത്തിന്റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്) കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റു അധികാരികൾക്ക് സമർപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെൽത്ത് പോർട്ടലിൽനിന്ന് നേരിട്ട് ആക്സസ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല