1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2024

സ്വന്തം ലേഖകൻ: ആഗോള ആരോഗ്യരംഗത്തിന് വെല്ലുവിളിയായി മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂപ്പര്‍ബഗുകള്‍ ഉയര്‍ന്നുകഴിഞ്ഞെന്ന് ആരോഗ്യവിദഗ്ധര്‍. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 മഹാമാരിയെ അതിജീവിക്കാനും അതിനെതിരെ വാക്‌സിന്‍ കണ്ടെത്താനും ലോകത്തിന് സാധിച്ചെങ്കില്‍ ഈ സൂപ്പര്‍ബഗുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം.

ആന്റിബയോട്ടിക്കുകള്‍ക്കും മറ്റ് ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ക്കും പ്രതിരോധം വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ബഗുകള്‍ ഭയാനകമായ തോതില്‍ പെരുകുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരിലും കാര്‍ഷികരംഗത്തും മൃഗങ്ങളിലുമുള്ള ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഇതിന്‌റെ പിന്നിലുണ്ടെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്‌റെ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഷുചിന്‍ ബജാജ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഗോളവ്യാപകമായി ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്കും സാമ്പത്തിക സാമൂഹിക നാശനഷ്ടങ്ങള്‍ക്കും കോവിഡ് മഹാമാരി വഴിവെച്ചു. എന്നാലും കുറഞ്ഞ കാലയളവിനുള്ളില്‍ ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനും ചികിത്സ വികസിപ്പിക്കാനും ശാസ്ത്രലോകത്തിനു കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍ബഗുകളുടെ അവസ്ഥ ഇങ്ങനെയല്ല. ഇവ സുസ്ഥിരമായ ആഘാതഭീഷണി ഉയര്‍ത്തുന്നുണ്ട്. ബാക്ടീരിയകള്‍ പ്രതിരോധം നേടിക്കഴിഞ്ഞാല്‍ മുന്‍പ് ചികിത്സിച്ചിരുന്ന അണുബാധകള്‍ പോലും മാരകമായേക്കാം. ഈ രോഗകാരികളുടെ ദ്രുതഗതിയിലുള്ള പരിണാമത്തിന് അനുസൃതമായി പുതിയ ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കാന്‍ മെഡിക്കല്‍ സമൂഹം ശ്രമിക്കുന്നുണ്ട്.

കോവിഡ്-19 ബാധിച്ച പലര്‍ക്കും തീവ്രപരിചരണം ആവശ്യമായി വന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ടല്ലാതെവന്ന പ്രശ്‌നങ്ങള്‍ക്ക് മരുന്നുകളിലൂടെ ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു. എന്നാല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന അണുബാധകള്‍ സാധാരണ ശസ്ത്രക്രിയകളും അര്‍ബുദ ചികിത്സകളും ഗുരുതര രോഗങ്ങള്‍ക്കുള്ള പരിചരണവും സങ്കീര്‍ണമാക്കുകയും ചെറിയ അണുബാധകള്‍ മാരകമാക്കുകയും മുഴുവന്‍ ആരോഗ്യസംവിധാനത്തെയും തകര്‍ക്കുകയും ചെയ്യും.

കോവിഡിന്റെ അന്തരഫലമായി ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തെങ്കിലും അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍, അധികമാകുന്ന ചികിത്സാചെലവ്, ഉല്‍പാദനക്ഷമതയിലെ കുറവ് എന്നിവ സൂപ്പര്‍ബഗുകളുടെ കാര്യത്തില്‍ ഉയര്‍ന്നുവരും. 2050 ആകുമ്പോഴേക്കും ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 100 ട്രില്യന്‍ ഡോളര്‍ ചെലവാക്കുമെന്ന് ലോകബാങ്ക് കണക്കാക്കുന്നു.

ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് പാറ്റേണുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനും ആഗോള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് നിര്‍ണായകമാണ്. ആന്റിബയോട്ടിക്കുകള്‍ ഉത്തവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

പുതിയ ആന്റിബയോട്ടിക്കുകള്‍, ഇതര ചികിത്സകള്‍, പരിശോധന ഉപകരണങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി നിക്ഷേപം നടത്തേണ്ടതുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ നവീകരണം ത്വരിതപ്പെടുത്തണം. ആന്റിബയോട്ടിക്കിന്റെ ദുരുപയോഗത്തെയും അമിതോപയോഗത്തെയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. ഇത് പ്രതിരോധത്തിന്‌റെ വര്‍ധനവ് തടയാന്‍ സഹായിക്കും. അനാവശ്യ ഉപയോഗം തടയുന്നതിന് കാര്‍ഷിക മൃഗസംരക്ഷണ മേഖലകളിലെ ആന്റിബയോട്ടിക് ഉപയോഗത്തിന് സര്‍ക്കാരുകള്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കണം.

മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ബഗുകളുടെ വര്‍ധനവ് ഉടനടി ശ്രദ്ധ പതിയേണ്ട ആഗോള പ്രതിസന്ധിയാണെന്ന് ഡോ.ഷുചിന്‍ ബജാജ് പറയുന്നു. കോവിഡ്-19 മഹാമാരി നമ്മുടെ ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ദുര്‍ബലതയെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മപ്പെടുത്തല്‍ നല്‍കിയെങ്കിലും സൂപ്പര്‍ബഗുകള്‍ ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ഗുരുതരവും നീണ്ടകാലം നിലനില്‍ക്കുന്നതുമാണ്. ഈ ഭീഷണി ലഘൂകരിക്കുന്നതിനും ഭാവിതലമുറയെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയ നവീകരണം, നയപരമായ ഇടപെടല്‍, പൊതുഇടപെടല്‍ എന്നിവ സംയോജിപ്പിച്ച് ബഹുമുഖ സമീപനം സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. ഷുചിന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.