സ്വന്തം ലേഖകന്‍: കടുത്ത ഉഷ്ണക്കാറ്റിലും ചൂടിലും വേവുകയാണ് കറാച്ചിയുള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങള്‍. ചൂടുകാരണം മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായാണ് സൂചന. സൂര്യാഘാതവും നിര്‍ജലീകരണവും മൂലമാണ് കൂടുതല്‍ പേരും മരിച്ചത്.
കറാച്ചിയില്‍ മാത്രം 775 പേരാണ് മരിച്ചത്. പ്രായമായവരാണ് മരിച്ചവരിലേറെയും. വെള്ളവും വൈദ്യുതിയുമില്ലാത്ത കറാച്ചി നഗരത്തില്‍ ഉഷ്ണക്കാറ്റ് ശക്തമായി തുടരുകയാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. കറാച്ചിയിലും സിന്ധ് പ്രവിശ്യയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പലയിടങ്ങളിലും പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കറാച്ചിയില്‍ സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ ദുരിതത്തിന്റെ ആക്കംകൂട്ടുകയാണ്. കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാഞ്ച്വേറ്റ് മെഡിക്കല്‍ സെന്ററില്‍ മാത്രം മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. ദിനംപ്രതി ഇവിടെയെത്തുന്ന നൂറുകണക്കിന് അത്യാഹിത കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ കുഴങ്ങുകയാണ് ആശുപത്രി അധികൃതര്‍.
ആശുപത്രികളിലെ മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പ്രാര്‍ഥനകള്‍ക്ക് ശേഷം സംസ്‌കരിച്ചു തുടങ്ങി. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സിന്ധ് പ്രവിശ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം അധികാരികള്‍ രക്ഷാപ്രവര്‍ത്തനം ശരിയായി നടത്തുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ സര്‍ക്കാറിനെതിരെ രംഗത്തിറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല