സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയിലും ആന്ധ്ര തെലുങ്കാന മേഖലയിലും രൂക്ഷമായ ഉഷ്ണക്കാറ്റിന്റെ താണ്ഡവം തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമാണ് ഏറ്റവുമധികം പേര്‍ ചൂടേറ്റ് മരിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 1,979 പേരാണ് ഇരു സംസ്ഥാനങ്ങളിലുമായി രണ്ടാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടത്.
കനത്ത ചൂടിനെ തുടര്‍ന്ന് എല്ലാ വര്‍ഷവും രാജ്യത്ത് മരണം പതിവാണ്. എന്നാല്‍ ഈ വര്‍ഷം മരണ നിരക്ക് കുത്തനെ കൂടി. ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 2000 കടക്കുന്നതും അപൂര്‍വമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മാത്രം ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1979 കടന്നു.
അതേസമയം, ഈ ആഴ്ച ആദ്യം 48 ഡിഗ്രിയായിരുന്ന ഇവിടുത്തെ താപനില 45 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഒഡിഷയില്‍ 17 പേര്‍ മരിച്ചു.
മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റോഡരികില്‍ ഉറങ്ങുന്നവരും വെയിലത്ത് ജോലി ചെയ്യുന്നവരുമാണ് മരിച്ചവരില്‍ ഏറെയും.
ചൂടിന്റെ ആക്രമണത്തെ തടയാനുള്ള മുന്‍കരുതല്‍ എടുക്കാതെ ആരും പുറത്തിറങ്ങരുതെന്ന് ആന്ധ്ര, തെലങ്കാന, ഡല്‍ഹി സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തിന്റെ വരവ് രണ്ടു ദിവസം കൂടി നീളുമെന്ന് ഉറപ്പായ കേരളവും കൊടുംചൂടില്‍ വെന്തുരുകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല