
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ന് വെള്ളിയാഴ്ചത്തെ ഏറ്റവും കൂടിയ താപനില ചില പ്രദേശങ്ങളില്‍ 53 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിനൊപ്പം കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി കുവൈത്ത് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
ഇന്നലെ വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില 52 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചുവീശി. എന്നാല്‍ ഇന്ന് വെള്ളിയാഴ്ച പകല്‍ സമയത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് കനത്ത ചൂടിനും തുറന്ന സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തിവിടാനും സാധ്യതയുണ്ട്.
പരമാവധി താപനില 49 മുതല്‍ 53 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇന്നത്തെ താപനില. കടലില്‍ തിരമാലകള്‍ അഞ്ച് അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി സമയത്തും സമാനമായ രീതിയില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കുറഞ്ഞ താപനില 32 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കടല്‍ പകല്‍ പോലെ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.
നാളെ ശനിയാഴ്ച പകല്‍ സമയത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പരമാവധി താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കടലില്‍ ആറ് അടി വരെ ഉയരത്തില്‍ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചു. രാത്രിയില്‍ കാറ്റിന് 42 കിലോമീറ്റര്‍ വരെയാകും വേഗത. കുറഞ്ഞ താപനില 32 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും.
കൊടും ചൂടും പൊടിക്കാറ്റും ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് അത്യാവശ്യത്തിന് വേണ്ടി മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ എന്നും പുറത്തിറങ്ങുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന്റെ സമയം പരമാവധി കുറയ്ക്കാനും അധികൃതര്‍ പള്ളി ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളിക്ക് പുറത്തു നില്‍ക്കുന്ന വിശ്വാസികള്‍ ഏറെ നേരം വെയിലത്ത് നില്‍ക്കേണ്ടിവരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല