സ്വന്തം ലേഖകൻ: ഈ വാരം ഉഷ്ണ തരംഗ സമാനമായ സാഹചര്യം എത്തുന്നതോടെ ചൂട് വര്‍ദ്ധിച്ച് മരണനിരക്ക് കൂടാന്‍ ഇടയുണ്ടെന്ന ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ് നിലനില്‍ക്കേ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയാണ്. രാജ്യമാകമാനം പലയിടങ്ങളിലായി മഞ്ഞ മുന്നറിയിപ്പ് നിലനില്‍ക്കവേ, ജൂനിയര്‍ ഡോക്ടര്‍മാരുടെ പതിനൊന്നാമത്തെ പണിമുടക്കാണ് ഇന്ന് ആരംഭിക്കുന്നത്. ഇത് ആരോഗ്യ രംഗത്ത് വന്‍ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് ഈ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ സമരം ഒഴിവാക്കണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെയാണ് 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്.
കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ 11-ാം തവണയാണ് സമരം നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിനോട് അടുത്ത് നടത്തുന്ന സമരം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് യൂണിയന് അകത്ത് തന്നെ നിലപാട് നില്‍ക്കുമ്പോഴാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ അനാവശ്യമായ പണിമുടക്കാണ് നടത്തുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ചില സീനിയര്‍ അംഗങ്ങള്‍ തന്നെ കരുതുന്നു. കൂടാതെ അടുത്ത വെള്ളിയാഴ്ച അധികാരത്തിലെത്തുമെന്ന് കരുതുന്ന ലേബര്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
അഞ്ച് ദിവസത്തെ സമരത്തില്‍ ഏകദേശം 25,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ 44 ദിവസം നീണ്ടുനില്‍ക്കും. 2023 മാര്‍ച്ചില്‍ 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ഈ വിധം നീളുന്നത്.
കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. തടസ്സങ്ങള്‍ കുറയ്ക്കാന്‍ 1.7 ബില്ല്യണ്‍ പൗണ്ട് ചെലവാക്കേണ്ടിയും വന്നു. അടുത്ത അഞ്ച് ദിവസം സമാനമായ തടസ്സങ്ങള്‍ നേരിടുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എന്‍എച്ച്എസില്‍ സര്‍വ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു.
വിശ്വാസയോഗ്യമായതും, നീതിപൂര്‍വ്വമായതുമായ ഒരു ഡീല്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും, സര്‍ക്കാരില്‍ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല