സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണം തുലാസില്‍, പാര്‍ലമെന്റ് സമ്മേളനവും രാജ്ഞിയുടെ പ്രസംഗവും നീട്ടിവക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും തെരേസാ മേയ് മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാല്‍ ഡിയുപിയുമായി കൂട്ടുചേര്‍ന്നുള്ള മുന്നണി സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ചു ഇനിയും ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാനമന്ത്രി തെരേസാ മേയ്ക്കും തലവേദനയാകുന്നത്.
ഈ സാഹചര്യത്തില്‍ അടുത്ത തിങ്കളാഴ്ച ചേരാനിരുന്ന പാര്‍ലമെന്റ് സമ്മേളനം നീട്ടിവയ്‌ക്കേണ്ടി വരുമെന്നാണു സൂചന. രാജ്ഞിയുടെ പ്രസംഗത്തോടെ വേണം പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കേണ്ടത്. സര്‍ക്കാരിന്റെ നയപരിപാടികള്‍ ഇതിലാണു വ്യക്തമാക്കുന്നത്. രാജ്ഞിയുടെ പ്രസംഗം കട്ടികൂടിയ ഗോട്ട്‌സ്‌കിന്‍ പേപ്പറി ലാണ് ത യാറാക്കുന്നത്. മഷിയുണങ്ങാന്‍ സമയമെടുക്കും. അവസാന നിമിഷം തിരുത്തു സാധ്യവുമല്ല.
ഡിയുപിയുടെ താത്പര്യംകൂടി കണക്കിലെടുത്തും നേരത്തെയുള്ള കണ്‍സര്‍വേറ്റീവ് നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയും വേണം പ്രസംഗം തയാറാക്കേണ്ടത്. ഡിയുപിയുമായി ചര്‍ച്ച പൂര്‍ത്തിയാവാത്തതിനാലാണ് പ്രസംഗം തയാറാക്കാന്‍ താമസിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരേസാ മേയ്ക്ക് ഒരു വര്‍ഷത്തിനകം സ്ഥാനമൊഴിയേണ്ടി വരുമെന്നാണു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന.
സ്വന്തം പാര്‍ട്ടിയ്ക്കകത്തും പുറത്തും തെരേസാ മേയ്‌ക്കെതിരായ വികാരം ശക്തമാകുകയാണ്. വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സനെ മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടിയില്‍ തെരേസക്കെതിരെ പടയൊരുക്കം. എന്നാല്‍ തത്കാലം മേയുടെ നേതൃത്വം അംഗീകരിക്കാന്‍ ജോണ്‍സന്‍ ആഹ്വാനം ചെയ്തു. രാജ്ഞിയുടെ പ്രസംഗത്തിന്റെ തീയതി നിശ്ചയിക്കാന്‍ ഇതുവരെ സാധിക്കാത്തത് സര്‍ക്കാരിന്റെ കഴിവുകേടാണു സൂചിപ്പിക്കുന്നതെന്ന ആരോപണവുമായി ലേബര്‍ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല