സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പളനിസ്വാമി, പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ വിലപേശല്‍ സജീവം, ശശികലയില്‍ തട്ടി അണ്ണാ ഡിഎംകെ ലയന പ്രഖ്യാപനം വൈകുന്നു. ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വ പക്ഷവും തമ്മിലുള്ള ലയന പ്രഖ്യാപനം നീളുമെന്നാണ് സൂചന.
ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടില്‍ പനീര്‍സെല്‍വം ക്യാംപ് ഉറച്ചു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പനീര്‍സെല്‍വത്തോട് ചോദിക്കണമെന്ന് ഒപിഎസ് ക്യാംപിലെ പി.എച്ച്. പാണ്ഡ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളിയാഴ്ച പനീര്‍സെല്‍വത്തിന്റെ വസതിയില്‍ നാലു മണിക്കൂറിലധികം നീണ്ട യോഗത്തിനുശേഷവും ലയനവുമായി ബന്ധപ്പെട്ട് യോജിപ്പിലെത്താന്‍ സാധിച്ചില്ല.
ഇരു വിഭാഗത്തിലേയും നേതാക്കള്‍ ചെന്നൈ മറീന ബീച്ചിലുള്ള ജയലളിതയുടെ സ്മാരകത്തിലെത്തി ഒരുമിച്ചു ലയന പ്രഖ്യാപനം നടത്തുമെന്നായിരുന്നു സൂചനകള്‍. ഇതുപ്രകാരം ചെന്നൈ മറീന ബീച്ചിലുള്ള സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പ്രവര്‍ത്തകര്‍ ഇവിടേക്ക് കൂട്ടമായി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കുക, ജയയുടെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങി ആവശ്യങ്ങളില്‍ പനീര്‍സെല്‍വം വിഭാഗം നിര്‍ബന്ധം പിടിക്കുന്നതാണ് ലയനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
ശശികലയും ദിനകരനും ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി സംഘത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനാണ് പളനിസാമി–പനീര്‍സെല്‍വം പക്ഷങ്ങള്‍ ഒരുമിക്കുന്നത് എന്നാണ് ഇരു വിഭാഗങ്ങളും പറയുന്നതെങ്കിലും തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രപ്രധാന നീക്കമാണ് ഡിഎംകെയിലെ ലയനമെന്ന് നിരീക്ഷകര്‍ കരുതുന്നു. ലയന ശേഷം എന്‍ഡിഎ മുന്നണി പ്രവേശനത്തിന് ഒരുങ്ങുന്ന ഡിഎംകെയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല