ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ മൂന്നാമതൊരു റണ്‍വേ കൂടി നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തിന് എയര്‍പോര്‍ട്ട്‌സ് കമ്മീഷന്റെ പച്ചക്കൊടി. 2050 ഓടെ 147 ബില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക വളര്‍ച്ചയും 70,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാന്‍ മൂന്നാമതൊരു റണ്‍വേ കൂടി സ്ഥാപിച്ചാല്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 40 ഓളം സ്ഥലങ്ങളുമായി ബ്രിട്ടനെ ബന്ധിപ്പിക്കാനും ഇതിന് സാധിക്കും.
മൂന്നാമതൊരു റണ്‍വേ നിര്‍മ്മിക്കുമ്പോള്‍ അത് പ്രകൃതി സൗഹാര്‍ദ്ദമായിരിക്കണമെന്നും ശബ്ദ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കരുതെന്നും സര്‍ ഹവാര്‍ഡ് ഡേവീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രികാലത്തിലുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നാലാമതൊരു റണ്‍വെ നിര്‍മ്മിക്കരുതെന്ന് പാര്‍ലമെന്റ് ബില്‍ പാസാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ഹീത്രു സ്വാഗതം ചെയ്തു. സര്‍ക്കാരുമായി സഹകരിച്ച് ബ്രിട്ടന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഹീത്രു പ്രതികരിച്ചു.
അതേസമയം ഹീത്രു വിമാനത്താവളത്തിലെ നിലവിലെ റണ്‍വേകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ വിമാനത്താവള അധികൃതര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എയര്‍പോര്‍ട്ട്‌സ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല