സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കുന്നു; മൂന്നാമത്തെ റണ്‍വേ ഉടന്‍. ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കരുതെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതി കോടതി തള്ളി.
പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയില്‍ സമര്‍പ്പിച്ച വാദഗതികള്‍ താന്‍ അംഗീകരിക്കുന്നില്ലന്നും വിമാനത്താവളം വിപുലീകരിക്കാന്‍ അനുമതി നല്കിയപ്പോള്‍ ഗതാഗത മന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും ബ്രിട്ടീഷ് ജഡ്ജിയായ ഗാരി ഹിക്കിങ്‌ബോട്ടം കോടതിയില്‍ പറഞ്ഞു.
സ്‌പെയിന്‍ ഫെറോവിയല്‍, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയാണ് വിമാനത്താവളത്തിന്റെ ഉടമകള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ വിമാനത്താവളം വിപുലീകരിക്കാന്‍ സ്ഥലം കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
2021ഓടെ മൂന്നാമത്തെ റണ്‍വേയുടെ പണികള്‍ ആരംഭിക്കാനാണ് തീരുമാനം. 14 ബില്യണ്‍ പൗണ്ടാണ് ഇതിനായി പാര്‍ലമെന്റ് നീക്കിവച്ചിരിക്കുന്നത്. റണ്‍വേയുടെ നിര്‍മാണത്തോടു കൂടി രാജ്യത്തുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് പരാതി നല്‍കിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല