നമ്മുടെ നാട്ടിലെ പോലെ അടിക്കടിയൊന്നും ബ്രിട്ടനില്‍ സമരം ഉണ്ടാകാറില്ല എന്നാല്‍ ഉണ്ടായാല്‍ അതൊരു വലിയ സമരം തന്നെയായിരിക്കും എന്നതില്‍ സംശയവുമില്ല. ബുധനാഴ്ച നടത്തുന്ന സമരവും ബ്രിട്ടനിലെ പൊതുമേഖലയെ താറുമാറാക്കും എന്നുറപ്പാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുകെയിലെ എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ തന്നെയാണ്. ഇതേ തുടര്‍ന്നു പബ്ളിക്ക് സെക്ടറില്‍ നടക്കുന്ന സമരം മൂലം വിമാനങ്ങള്‍ റദ്ദാക്കപ്പെടാനും 12 മണിക്കൂറോളം വൈകാനും സാധ്യതയുണ്ടെന്നു വിമാനയാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ പണിമുടക്കുന്നതു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്നിരിക്കെ യാത്രക്കാര്‍ 12 മണിക്കൂറോളം വിമാനങ്ങളില്‍ കുടുങ്ങുമെന്നാണു ഹീത്രൂ വിമാനത്താവള അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അതേസമയം യുകെയില്‍ പൊതുമേഖലാ ജീവനക്കാരുടെ സമരം തുടങ്ങുന്നതിനാല്‍ എയര്‍ ഇന്ത്യ ലണ്ടനിലേക്കുള്ള നാലു വിമാന സര്‍വീസുകള്‍ റദ്ദാക്കി. അമൃത്സര്‍-ഡല്‍ഹി-ലണ്ടന്‍ (എഐ-115), ലണ്ടന്‍-ഡല്‍ഹി (എഐ-116), ഡല്‍ഹി-ലണ്ടന്‍ (എഐ-111), ലണ്ടന്‍-ഡല്‍ഹി (എഐ-112) എന്നീ സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഏഴരലക്ഷം ജീവനക്കാരാണ് പെന്‍ഷന്‍ പരിഷ്കരണം, വേതനവ്യവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ സംബന്ധിച്ച് യുകെയില്‍ സമരം നടത്തുന്നത്. സമരം വിജയകരമാക്കാനുള്ള എല്ലാ ശ്രമങ്ങളും യൂണിയന്‍ നേതാക്കള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച നടക്കുന്ന സമരം വേണ്ടിവന്നാല്‍ മാസങ്ങള്‍ നീട്ടുമെന്നും അതിനുള്ള ഫണ്ട് കണ്ടെത്തിക്കഴിഞ്ഞുവെന്നും യൂണിയന്‍ നേതാക്കള്‍ പറയുമ്പോള്‍ ജനജീവിതം സ്തംഭിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയം വേണ്ട തന്നെ. നഴ്സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാരും പണിമുടക്കുന്നതോടെ ആരോഗ്യമേഖല സ്തംഭിക്കും. ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ പണിമുടക്കുമ്പോള്‍ സിവില്‍ സര്‍വെന്റുമാരേയും മറ്റ് പ്രവൃത്തിപരിചയം കുറഞ്ഞ ജീവനക്കാരേയും ഉപയോഗപ്പെടുത്തുമെന്നാണു സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ ഇത് എത്രത്തോളം ഗുണം ചെയ്യുമെന്നോ അതോ ഗുണത്തെക്കാള്‍ ദോഷമാണോ ചെയ്യുകയെന്നോ കണ്ടറിയണം.
ഹീത്രൂ വിമാനത്താവളത്തിലേക്കു മറ്റിടങ്ങളില്‍നിന്നു വിമാനത്തില്‍ എത്തുന്ന യാത്രക്കാര്‍ 12 മണിക്കൂറെങ്കിലും വിമാനങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നിരിക്കെ മറ്റൊരു തരത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ ടെര്‍മിനലില്‍ താമസസൌകര്യം ഒരുക്കാനും കഴിഞ്ഞെന്നു വരില്ല. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാതെ വരുന്നതോടെ കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിയും വരും. അതേസമയം ട്രാഫിക്ക് വാര്‍ഡന്‍മാരും മറ്റും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ വാഹനമുടമകള്‍ക്കു സൌജന്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നതു മാത്രമാണ് ആശ്വാസം പകരുന്ന ഒരേയൊരു കാര്യം. 1.56 മില്യണ്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ നാലരലക്ഷത്തോളം പേര്‍ അംഗങ്ങളായ യൂണിസണ്‍ സമരരംഗത്തുണ്ട്.
പെന്‍ഷന്‍ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നു പ്രഖ്യാപിക്കപ്പെട്ട 1926-ലെ പൊതുപണിമുടക്കിനു ശേഷം ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ പണിമുടക്ക് പുതുവര്‍ഷത്തിലേക്കും നീളുമെന്നാണു ചില യൂണിയന്‍ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടു മില്യണ്‍ പബ്ളിക്ക് സെക്ടര്‍ ജീവനക്കാരും ബുധനാഴ്ച പണിമുടക്ക് ആരംഭിക്കും. ടീച്ചര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, ബിന്‍മെന്‍, മുതിര്‍ന്ന സിവില്‍ സെര്‍വന്റ്, ലോലിപ്പോപ്പ് ലേഡീസ്, ടാക്സ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ സമരത്തില്‍ അണിനിരക്കും. ഭൂരിപക്ഷം സ്കൂളുകളും അടച്ചിടും. ആശുപത്രികളില്‍ മുതിര്‍ന്ന രോഗികള്‍ ദുരിതത്തിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല