സ്വന്തം ലേഖകന്‍: പാകിസ്താനില്‍ കൊടുംചൂടിലും ചൂടുകാറ്റിലും മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ നാലു ദിവസത്തിനിടെ മരിച്ചവരുടെ മാത്രം കണക്കാണിത്. തുറമുഖ നഗരമായ കറാച്ചിയിലാണ് കൂടുതല്‍ പേരെ ചൂടും ചൂടുകാറ്റും ബാധിച്ചത്. നാലുദിവസമായി സിന്ധ് പ്രവിശ്യയില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച അബ്ബാസി ഷഹീദ് ആസ്പത്രിയില്‍ മാത്രം ഏഴുപേര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ടുചെയ്തു. ഇവിടെ ശനി, ഞായര്‍ ദിവസങ്ങളിലായി 30 പേര്‍ മരിച്ചിരുന്നു. ചൂടിനൊപ്പം അതിസാരവും പടര്‍ന്നു പിടിച്ചിട്ടുണ്ട്.
ജിന്ന പി.ജി. മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച 85 പേരും ഞായറാഴ്ച 50 പേരും മരിച്ചു. കറാച്ചി സിവില്‍ ആസ്പത്രിയിലാണ് 35 മരണം. കറാച്ചിയില്‍ ഈവര്‍ഷത്തെ കൂടിയ ചൂട് 45 ഡിഗ്രി ശനിയാഴ്ച രേഖപ്പെടുത്തി. സിന്ധിലെ ജകോബബാദ്, ലര്‍കാന, സുക്കൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച താപം 48 ഡിഗ്രിവരെ എത്തിയിരുന്നു.
സിന്ധ് പ്രവിശ്യയില്‍ ഈവര്‍ഷം മുമ്പെങ്ങുമില്ലാത്ത വിധമാണ് ചൂട്. ജൂണ്‍ തുടക്കത്തില്‍തന്നെ ഇവിടെ കടുത്തചൂടില്‍ 17 പേര്‍ മരിച്ചിരുന്നു. കൊടുംചൂടും പാകിസ്താന്റെ കാര്‍ഷിക മേഖലക്കും വന്‍ തിരിച്ചടിയായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല