സ്വന്തം ലേഖകന്‍: പേമാരിയിലും മണ്ണിടീച്ചിലിലും വലഞ്ഞ് ബംഗ്ലാദേശ്, നൂറിലേറെ പേര്‍ മരിച്ചു, കുത്തൊഴുക്കില്‍ താത്ക്കാലിക കിടപ്പാടം നഷ്ടമായി റോഹിംഗ്യ മുസ്ലീങ്ങളും. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തെക്കു കിഴക്കന്‍ ബംഗ്‌ളാദേശില്‍ 105 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചിറ്റഗോംഗ്, രംഗമതി, ബന്ദര്‍ബന്‍ ജില്ലകളിലാണ് ഏറെ നാശമുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന രംഗമതി ജില്ലയില്‍ നിരവധി വീടുകള്‍ക്കു മുകളില്‍ ടണ്‍കണക്കിനു പാറയും മണ്ണും വീണു. വീട്ടിലുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്ന അവസരത്തിലാണ് മണ്ണിടിച്ചിലുണ്ടായതെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു.
രംഗമതിയില്‍ സൈനികര്‍ ഉള്‍പ്പെടെ 53 പേര്‍ക്കു ജീവഹാനി നേരിട്ടെന്നു സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. മണ്ണുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സൈനികരുടെ മേല്‍ മണ്ണിടിഞ്ഞുവീണാണു ദുരന്തം സംഭവിച്ചത്. ഏതാനും ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്നും നിരവധി സൈനികര്‍ക്കു പരിക്കേറ്റെന്നും അധികൃതര്‍ പറഞ്ഞു. ചിറ്റഗോംഗ് ജില്ലയിലെ രംഗുണിയ, ചന്ദനാശി മേഖലകളില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
ചിറ്റഗോംഗ് ജില്ലാ ആസ്ഥാനമായ ചിറ്റഗോംഗ് പട്ടണത്തിലും ബംഗ്‌ളാ തലസ്ഥാനമായ ധാക്കയിലും കനത്ത മഴ തുടരുകയാണ്. മ്യാന്‍മറില്‍നിന്നു പലായനം ചെയ്ത മൂന്നു ലക്ഷത്തോളം റോഹിംഗ്യ മുസ്‌ലിംകള്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ ബംഗ്‌ളാദേശിലെ അഭയാര്‍ഥി ക്യാമ്പുകളേയും മണ്‍സൂണ്‍ കെടുതി ബാധിച്ചു. രണ്ടാഴ്ച മുന്പുണ്ടായ മോറ കൊടുങ്കാറ്റിന്റെ കെടുതികളില്‍നിന്നു കരകയറുന്നതിനു മുമ്പാണ് പേമാരിയുടേ രൂപത്തില്‍ അടുത്ത ദുരന്തം എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല