സ്വന്തം ലേഖകന്‍: കേരളത്തെ മുക്കി മഴയുടെ ‘കലി തുള്ളല്‍’, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും കനത്ത നാശനഷ്ടമുണ്ടായി. പാലക്കാട്ട് ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു മൂന്നാം ക്ലാസുകാരി ആതിര മരിച്ചു. കണ്ണൂരില്‍ ഒരാള്‍ തെങ്ങുവീണ് മരിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകള്‍ തുറന്നു. തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര, നെയ്യാര്‍ ഡാം, പേപ്പാറ എന്നീ അണക്കെട്ടുകളാണു തുറന്നത്. അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ നെയ്യാറിന്റെയും കരമനയാറിന്റെയും തീരത്തുള്ള ദുരന്തസാഹചര്യം നേരിടുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും കനത്ത വെള്ളക്കെട്ടും മൂലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ്, റെയില്‍ ഗതാഗതം മുടങ്ങി.
പത്തനംതിട്ട ജില്ലയില്‍ മണി യാര്‍ അണക്കെട്ടിന്റെയും ഇടു ക്കി ജില്ലയില്‍ കല്ലാര്‍കുട്ടി, മലങ്കര, പൊന്‍മുടി അണക്കെട്ടു കളുടെയും ഷട്ടറുകള്‍ തുറന്നു. ഇടുക്കി അണക്കെട്ടിന്റെയും മുല്ലപ്പെരിയാര്‍ ഡാമിന്റെയും വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ജില്ലയിലെ പ്രധാന പാതകളായ കൊല്ലം തേനി ദേശീയപാത, കൊച്ചി ധനുഷ്‌കോടി ദേശീയ പാത എന്നിവിടങ്ങളില്‍ വെള്ളം കയറിയും മണ്ണിടിച്ചിലിലും ഗതാഗതം തടസപ്പെട്ടു.
രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തു പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണു ഗതാഗതം തടസപ്പെടുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തിനടുത്ത് ചിങ്ങ വനത്ത് റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു. മണ്ണിടിഞ്ഞ് മലയോര പാതകള്‍ തകര്‍ന്നതോടെ മൂന്നാര്‍ ഉള്‍പെടെ ഹൈറേഞ്ച് മേഖലകള്‍ ഒറ്റപ്പെട്ടു.
ദുരന്ത സാധ്യത കണ്ട് മലയോര മേഖലകളില്‍ വിനോദ സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി. രാത്രി ഗതാഗതവും നിരോധിച്ചു. നഗരങ്ങളെ മുക്കി മഴവെള്ളം വന്‍തോതില്‍ ഉയര്‍ന്നത് വാഹന ഗതാഗതം താറുമാറാക്കി. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ പാതികള്‍ സംയോജിച്ചതാണ് കനത്ത മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല