സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളെ നനച്ച് കനത്ത മഴയും ആലിപ്പഴ വീഴ്ചയും ഇടിമിന്നലും, ഗതാഗതവും വിമാന സര്‍വീസുകളും താളംതെറ്റി, മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രവചനം. അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴപ്പെയ്ത്താണ് ഗള്‍ഫ് മേഖലയില്‍ ലഭിക്കുന്നത്. യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. യുഎഇയില്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകളിലും വടക്കന്‍ എമിറേറ്റുകളിലും കനത്ത തോതില്‍ പെയ്ത മഴ ഏറെ നാശനഷ്ടമുണ്ടാക്കി. മിക്കയിടത്തും റോഡുകള്‍ വെള്ളക്കെട്ടിനടിയിലായതിനാല്‍ ഗതാഗതം താറുമാറായി.
മഴ യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകളേയും താളം തെറ്റിച്ചു. പുലര്‍ച്ചെ രണ്ടു മുതല്‍ വൈകിട്ട് നാലു വരെയുള്ള വിമാന സര്‍വീസുകളെയാണ് മഴ വലച്ചത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകള്‍ ഉള്‍പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും വൈകിയാണ് സര്‍വീസ് നടത്തിയത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങി യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറിലേക്കും മറ്റു രാജ്യങ്ങളിലേക്കും പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ നൂറിലേറെ വിമാന സര്‍വീസുകളെയും മഴ തടസ്സപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ മഴദിനങ്ങള്‍ക്കുശേഷം വ്യാഴാഴ്ച ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ മഴ തിരിച്ചു വരികയായിരുന്നു. പലയിടങ്ങളിലും ഇടിയും മിന്നലും അനുഭവപ്പെട്ടു. വൈകിട്ടോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും നിരവധി അപകടങ്ങളും പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അബുദാബി മഫ്‌റഖില്‍ ഇടിയും മിന്നലോടും കൂടിയ മഴയാണ് ലഭിച്ചത്. അബുദാബി നഗരത്തിലും നല്ല മഴ ലഭിച്ചു. ദുബായില്‍ ഒട്ടുമിക്കയിടങ്ങളിലും വെള്ളിയാഴ്ച മുഴുവന്‍ സാമാന്യം നല്ല മഴ പെയ്തിരുന്നു.
വെള്ളി പുലര്‍ച്ചെ മുതല്‍ ഷാര്‍ജയില്‍ പലയിടങ്ങളിലായി ഇടിയോടുകൂടിയ ശക്തമായമഴ പെയ്തു. പ്രധാന റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, അല്‍ഐന്‍ തുടങ്ങിയയിടങ്ങളിലും സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല