സ്വന്തം ലേഖകൻ: ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ആഞ്ഞടിച്ച ഇയോവിന്‍ കൊടുങ്കാറ്റില്‍ കടപുഴകി മരം കാറിനു മേല്‍ വീണ് ഒരാള്‍ മരണമടഞ്ഞതോടെ കൊടുങ്കാറ്റ് കവര്‍ന്നത് രണ്ട് ജീവനുകള്‍. അയര്‍ലന്‍ഡിലെ കൗണ്ടി, ഡോണ്‍ഗലില്‍ ഒരു റോഡപകടത്തില്‍ മരണമടഞ്ഞ കാക്‌പെര്‍ ഡ്യുഡക്ക് ആണ് കൊടുങ്കാറ്റിന്റെ ആദ്യ ഇര. ഇരുപത് വയസായിരുന്നു ഇയാള്‍ക്ക്. അതിനിടെ മറ്റൊരു കൊടുങ്കാറ്റ് കൂടി ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ ആഞ്ഞടിച്ചു.
ഹെര്‍മിനിയ എന്ന് യൂറോപ്യന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്ത കൊടുങ്കാറ്റ് ഇയോവിന്‍ താണ്ഡവമാടി രണ്ട് ദിവ്‌സം കഴിഞ്ഞപ്പോഴാണ് യുകെയുടെ ചില ഭാഗങ്ങളില്‍ എത്തിയത്. ഇതോടെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഇന്നലെ, ഞായറാഴ്ച രാവിലെ കോണ്‍വാളില്‍ മണിക്കൂറില്‍ 82 മൈല്‍ വരെ വേഗതയുള്ള കാറ്റും ഇടിയോടുകൂടിയ മഴയുമായിരുന്നു ഹെര്‍മിനിയയുടെ പ്രഭാവത്താല്‍ ഉണ്ടായത്.
തെക്കന്‍ ഇംഗ്ലണ്ടില്‍ മാത്രം മുപ്പതിലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ ഒന്ന് അതീവ ഗൗരവമുള്ള മുന്നറിയിപ്പാണ് ചില പ്രദേശങ്ങളില്‍ 80 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അതില്‍ പറയുന്നത്. ഹീത്രൂ വിമാനത്താവളത്തിലേക്കുള്ളതും, ഇവിടെ നിന്ന് യാത്ര തുടങ്ങുന്നതുമായ 26 വിമാന സര്‍വ്വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കിയത്. 3000 മുതല്‍ 4000 വരെ യാത്രക്കാരെ ഇത് ബാധിച്ചു എന്നാണ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച ആഞ്ഞടിച്ഛ ഇയോവിന്‍ തീര്‍ത്ത നാശനഷ്ടങ്ങളില്‍ നിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളും സാധാരണ നിലയിലേക്ക് എത്തുന്നതേയുള്ളു. അതിനിടയിലായിരുന്നു രണ്ടാമത്തെ കൊടുങ്കാറ്റ്. ഇംഗ്ലണ്ടില്‍ 151 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 23 അതി തീവ്ര വെള്ളപ്പൊക്ക മുന്നറിയിപ്പുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെയ്ല്‍സില്‍ നാച്ചുറല്‍ റിസോഴ്സ് വെയ്ല്‍സ് മൂന്ന് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കോട്ടിഷ് എന്‍വിറൊണ്മെന്റല്‍ ഏജന്‍സി രണ്ട് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 75,000ല്‍ അധികം കുടുംബങ്ങളിലും സ്ഥാപനങ്ങളിലുമാണ് വൈദ്യുതി ബന്ധം തകര്‍ക്കപ്പെട്ടത്. ഇത് പുനസ്ഥാപിക്കുന്നതില്‍, എന്‍ ഐ ഇ നെറ്റ്വര്‍ക്കിനെ സഹായിക്കുന്നതിനായി ബ്രിട്ടന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും എഞ്ചിനീയര്‍മാരെ എത്തിച്ചിട്ടുണ്ട്. 52 എഞ്ചിനീയര്‍മാരാണ് ഇംഗ്ലണ്ടില്‍ നിന്നും എത്തിച്ചേര്‍ന്നത്. ഇതില്‍ 30 പേരുടെ സേവനം എന്‍ ഐ ഇ ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റ് 22 പേര്‍ ഐറിഷ് റിപ്പബ്ലിക്കിലെ ഇ എസ് ബി നെറ്റ്വര്‍ക്കുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല