ശക്തമായ മഞ്ഞു വീഴ്ച ബ്രിട്ടനില്‍ തുടരുകയാണ്. ഒരു പുതപ്പ് പോലെ മഞ്ഞു എല്ലായിടങ്ങളും പൊതിഞ്ഞു കഴിഞ്ഞു. പതിനാറു സെന്റിമീറ്ററോളം കനത്തില്‍ മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ചയാണ് മിക്ക ഇടങ്ങളിലും. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെയും ചരക്കുകള്‍ കൊണ്ട് പോകാനാകാതെയും ജനങ്ങള്‍ വിഷമിക്കുകയാണ്. ഞായറാഴ്ച മൂന്നില്‍ ഒന്ന് എന്ന രീതിയില്‍ വിമാന സര്‍വീസുകള്‍ റദ്ദു ചെയ്യപ്പെട്ടു. കനത്ത മഞ്ഞു വീഴ്ചയും മൂടല്‍ മഞ്ഞും കാരണം റണ്‍വേകള്‍ പലതും അവ്യക്തമാണ്.
കാലാവസ്ഥാനിരീക്ഷകരുടെ അപകടസൂചന അനുസരിച്ച് ആണ് വിമാന സര്‍വീസുകള്‍ റദ്ദു ചെയ്യുന്നത്. വെള്ളിയാഴ്ചയായിരുന്നു ഈ തണുപ്പ്കാലത്തെ ഏറ്റവും തണുപ്പ് കൂടിയ ദിവസം. -12.4 സെല്‍ഷ്യസ് ആയിരുന്നു ഊഷ്മാവ്. വീശിയടിക്കുന്ന തണുത്ത കാറ്റ് പലയിടത്തും ജനങ്ങള്‍ക്ക് ഭീഷണിയാണ്. വടക്കന്‍ യോര്‍ക്ക് ഷയര്‍, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നും കാറ്റ് ഇപ്പോള്‍ ലണ്ടനിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. വടക്കന്‍ യോര്‍ക്ക്ഷയറില്‍ പതിനാറു സെന്റീമീറ്റര്‍ അളവില്‍ മഞ്ഞു പെയ്യുകയാണ്. കംബ്രിയ, ലിങ്കണ്‍ഷയര്‍, വടക്കന്‍ യോര്‍ക്ക്ഷയര്‍, കിഴക്കന്‍ അന്ഗ്ലിയ എന്നിവിടങ്ങളില്‍ ഇത് പതിനഞ്ചു സെന്റീമീറ്റര്‍ ആണ്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരു ദിവസം അഞ്ചു മുതല്‍ പത്തു സെന്റിമീറ്റര്‍ വരെ മഞ്ഞു പെയ്യും. ഹീത്രൂ എയര്‍പോര്‍ട്ടില്‍ മഞ്ഞിന്റെ ഒരു വന്‍ പുതപ്പ് വന്നു മൂടാനുള്ള സാധ്യത നിരീക്ഷകര്‍ അറിയിച്ചതിന്റെ ഭാഗമായി പല സര്‍വീസുകളും നിര്‍ത്തിവച്ചു. ഇതോടെ ഗാറ്റ്വിക്കിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരോട് കരുതി ഇരിക്കുവാന് അധികൃതര്‍ നിര്‍ദേശം നല്കി. സ്റ്റാന്‍സ്റ്റഡ്, ലുട്ടന്‍, ബര്‍മിംഗ്ഹാം തുടങ്ങിയ എയര്പ്പോര്ട്ടുകള് മുന്‍പേ മഞ്ഞു വീഴ്ചയുടെ പേരില്‍ അടച്ചിട്ടിരുന്നു. റോഡുകളില്‍ പലപ്പോഴും മഞ്ഞു വീഴ്ച പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഈ ആഴ്ച ഡ്രൈവിംഗ്ചുറ്റുപാടുകള് വളരെ ബുദ്ധിമുട്ടിലാണ് എന്ന് മോട്ടോര്‍ ഓര്ഗനൈസേഷന് അറിയിച്ചു. ഓരോ ദിവസവും റോഡ് പ്രശ്നങ്ങളുടെ പേരില്‍ 15000 ഫോണ്‍ വിളികളാണ് ഇവിടെ വരുന്നത്. അടുത്ത ആഴ്ചയോടെ ബ്രിട്ടന് പൂര്‍ണ്ണമായും വെള്ള വസ്ത്രമണിയും. പലയിടങ്ങളിലും ഊഷ്മാവ് മൈനസിലാണ്. കനത്ത മഞ്ഞു വീഴ്ച കാരണം ചരക്കുകള്‍ എത്താതെ പലയിടത്തും കെട്ടിക്കിടക്കയാണ്. ഇതിനാല്‍ ജനങ്ങള്‍ ഒന്ന് കരുതിയിരിക്കണം എന്ന് പല ഒര്ഗനൈസേഷനുകളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വരവുകള്‍ പലയിടത്തും തടസപ്പെട്ടത് ആശങ്ക ഉണര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല