സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ശക്തമായ മഞ്ഞുവീഴ്ച കാരണം ജനജീവിതം ഇരുട്ടിലായിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും റോഡുകള്‍ നിശ്ചലമാക്കുകയും ചെയ്തു. ഈ ആഴ്ച രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, വെയില്‍സ് എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് മഞ്ഞുവീഴ്ചകള്‍ അനുഭവപ്പെട്ടത്. താപനില -11C (12F) ആയി കുറഞ്ഞതിനാല്‍ 17 സെന്റിമീറ്റര്‍ വരെ ആഴത്തിലാണ് മഞ്ഞു വീണത്.
2025ലെ മഞ്ഞില്‍ മുങ്ങിയ ആദ്യ വാരാന്ത്യം കുടുംബങ്ങളും ഡോഗ് വാക്കര്‍മാരും പരമാവധി പ്രയോജനപ്പെടുത്തുകയും മലഞ്ചെരിവുകളില്‍ കുട്ടികള്‍ സ്ലെഡ്ജിങ്ങിന് പുറത്തിറങ്ങിയ കാഴ്ചകളും കാണാമായിരുന്നു. അതേസമയം, ശക്തമായ മഞ്ഞുവീഴ്ച കാരണം മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലീഡ്‌സ് ബ്രാഡ്ഫോര്‍ഡ് വിമാനത്താവളങ്ങളിലേക്ക് മണിക്കൂറുകളോളമാണ് വിമാന സര്‍വീസ് നിലച്ചത്.
വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനോ പറന്നുയരാനോ സാധിക്കാത്ത സാഹചര്യമായിരുന്നു. മഞ്ഞു ബാധിത പ്രദേശങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തു. അപകടങ്ങളും കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളും കാരണം A1(M), M180 എന്നിവയുള്‍പ്പെടെയുള്ള പ്രധാന റൂട്ടുകള്‍ അടച്ചിടേണ്ടി വരികയും ചെയ്തു.
അതേസമയം, ശക്തമായ മഞ്ഞ് ഉരുകാന്‍ തുടങ്ങുമ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാകുന്നതാണ്. യുകെയുടെ തെക്കന്‍ ഭാഗത്തു നിന്ന് നേരിയ വായു പ്രവാഹം ഉള്ളതിനാല്‍, മഴ പെയ്യാനുള്ള സാധ്യതയാണ് പ്രധാന അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇത് മഞ്ഞ് ഉരുകുന്നതിനൊപ്പം ചില പ്രാദേശിക വെള്ളപ്പൊക്ക ആഘാതങ്ങള്‍ക്കും കാരണമാകും എന്ന് മെറ്റ് ഓഫീസ് ചീഫ് പ്രവചകന്‍ ഫ്രാങ്ക് സോണ്ടേഴ്സ് പറഞ്ഞു.
വെയില്‍സ്, ചെഷയര്‍, മാഞ്ചസ്റ്റര്‍, നോര്‍ത്ത് മിഡ്ലാന്‍ഡ്സ്, ഹമ്പര്‍ എന്നിവിടങ്ങളിലും തെക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലും മഴയെക്കുറിച്ച് യെല്ലോ അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. മഴയും മഞ്ഞ് ഉരുകുന്നതും നാളെ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ലങ്കാഷെയറിന്റെയും വാര്‍വിക്ഷെയറിന്റെയും ചില ഭാഗങ്ങള്‍ അപകടസാധ്യതയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്ന സ്ഥലത്ത് പരിസ്ഥിതി ഏജന്‍സി
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്താണ്. മില്‍ട്ടണ്‍ കെയ്ന്‍സ്, ബെഡ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിലും മുന്നറിയിപ്പുകളും ഉണ്ട്.
ഇംഗ്ലണ്ടിലും വെയില്‍സിലും പല സ്ഥലങ്ങളിലും വൈദ്യുതി മുടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഷണല്‍ ഗ്രിഡും മറ്റ് പവര്‍ ഓപ്പറേറ്റര്‍മാരും റിപ്പോര്‍ട്ട് ചെയ്ത വൈദ്യുതി തടസം നിലവില്‍ 1,000-ലധികം വീടുകളെ ബാധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല