സ്വന്തം ലേഖകൻ: ആര്‍ക്ടിക്കില്‍ നിന്നുള്ള ശീതവായു പ്രവാഹം ബ്രിട്ടനെ ഗ്രസിച്ചതോടെ ബ്രിട്ടന്‍ തണത്തു വിറച്ചു. കനത്ത മഞ്ഞുവീഴ്ചയും, കോരിച്ചൊരിയുന്ന മഴയുമെല്ലാം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഏതാണ്ട് നിശ്ചലാവസ്ഥയില്‍ എത്തിച്ചു. ഗതാഗതം പലയിടങ്ങളിലും സ്തംഭിച്ചു. റോഡ് – റെയില്‍ – വ്യോമഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടു. ഇതെഴുതുമ്പോഴും മഞ്ഞിനെതിരെയുള്ള മെറ്റ് ഓഫീസിന്റെ ആംബര്‍ മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്.
മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ വെയ്ല്‍സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, എന്നിവിടങ്ങളില്‍ മിക്ക ഭാഗങ്ങളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ബിര്‍മ്മിംഗ്ഹാം, കാര്‍ഡിഫ്, ബ്രിസ്റ്റോള്‍ തുടങ്ങി പലയിടങ്ങളിലും വൈധുതി വിതരണം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ബ്രിസ്റ്റോള്‍ വിമാനത്താവളം ഇന്നലെ വൈകിട്ട് ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. ഇത് ഞായറാഴ്ചയും തുടര്‍ന്നേക്കാം. യാത്രക്കാരോട് യാത്ര ആരംഭിക്കുന്നതിനു മുന്‍പായി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ തേടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വില്‍റ്റ്ഷയര്‍ പോലീസ്, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ എം 5ല്‍ സോമര്‍സെറ്റില്‍ ഇന്നലെ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ചില അപകടങ്ങളെ തുടര്‍ന്ന് ബ്രിഡ്ജ്വാട്ടറിനും ടോണ്ടനും ഇടയില്‍ തെക്ക് ദിശയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന്, ക്ലോഡെര്‍ടോണിനും ആംസ്ബറിക്കും ഇടയിലായി എ 303 പൂര്‍ണ്ണമായും അടച്ചിടേണ്ടതായി വന്നു. കാര്‍ഡിഫ്, ലിന്‍മൗത്ത് ക്രെസെന്റില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് അവിടെയും റോഡ് അടച്ചിട്ടിരിക്കുകയാണ്.
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിനെയും സൗത്ത് യോര്‍ക്ക്ഷയറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എ 628 വുഡ്‌ഹെഡ് പാസ്സും ഹോളിംഗ്വര്‍ത്തിനും ഫ്‌ലോച്ചിനും ഇടയില്‍ പൂര്‍ണ്ണമായും അടച്ചു. ഇവിടെയും മഞ്ഞുവീഴ്ച തന്നെയായിരുന്നു വില്ലന്‍. രണ്ട് പുതിയ മുന്നറിയിപ്പുകള്‍ കൂടി മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പലയിടങ്ങളിലും താപനില മൈനസ് 10 വരെ താഴുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ അബെര്‍ഡീന്‍ഷയറിലെ അബോയ്‌നില്‍ ഇന്നലെ രാത്രി താപനില മൈനസ് 8.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി മെറ്റ് ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നും മരവിപ്പിക്കുന്ന കാലാവസ്ഥ തന്നെ തുടരും എന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല