സ്വന്തം ലേഖകന്‍: ഇന്ത്യയോടുള്ള വൈരാഗ്യത്തിന് കാരണം കുട്ടിക്കാലത്ത് സ്‌കൂളില്‍ നടന്ന ബോംബാക്രമണമെന്ന് ലഷ്‌ക്കര്‍ ഭീകരന്‍ ഹെഡ്‌ലി. താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നടത്തിയ ബോംബാക്രമണമാണ് ഇന്ത്യയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് അമേരിക്കയിലെ ജയിലില്‍ നിന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കി. 1971 ല്‍ നടത്തിയ ബോംബാക്രമണത്തില്‍ സ്‌കൂള്‍ തകരുകയും ജോലിക്കാരെല്ലാം കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുക എന്ന പ്രതികാര ചിന്തയാണ് ലഷ്‌ക്കറില്‍ ചേരാന്‍ കാരണമായത്. തീവ്രവാദ സംഘടനയുമായുള്ള തന്റെ ബന്ധം പാക് റേഡിയോ ഡയറക്ടര്‍ ജനറലുമായിരുന്ന പിതാവിന് അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും ഹെഡ്‌ലി വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന് 35 വര്‍ഷം തടവ് അനുഭവിക്കുന്ന ഹെഡ്‌ലി ഷിക്കാഗോയിലെ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിവരങ്ങള്‍ നല്‍കുന്നത്. ശനിയാഴ്ച വരെയാണ് മൊഴിയെടുക്കാന്‍ അമേരിക്കന്‍ അധികൃതര്‍ അനുവദിച്ചിരിക്കുന്നത്.
ചെറുപ്പം മുതല്‍ തനിക്ക് ഇന്ത്യയോട് വിരോധമായിരുന്നെന്നും ശിവസേനാ നേതാവ് ബാല്‍താക്കറേയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി. ശിവസേനയ്‌ക്കെതിരേ ധനസമാഹരണത്തിനും ബാല്‍താക്കറേയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ലെന്നും ഹെഡ്‌ലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല