സ്വന്തം ലേഖകന്‍: സമൂഹ മാധ്യമമായ ഓര്‍ക്കൂട്ട് മടങ്ങിവരുന്നു, പുതിയ അവതാരമായ ഹലോക്ക് മികച്ച പ്രതികരണം. ഒരു കാലത്തെ തരംഗമായിരുന്ന ഓര്‍ക്കൂട്ട് ഓര്‍മയായെങ്കിലും പുതിയ പ്രോജക്ടുമായി ഓര്‍ക്കൂട്ടിന്റെ പിതാവും ഗൂഗിള്‍ ഉദ്യോഗസ്ഥനുമായിരുന്ന ഓര്ക്കട് ബുയുക്കൊട്ടന്‍ എത്തിയിരുന്നു. ഹലോ.കോം എന്നായിരുന്നു പുതിയ പ്രോജക്ടിന്റെ പേര്.
പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഹലോ.കോമിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ്. ലൈക്കുകള്‍ക്ക് പകരം സ്നേഹത്താല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ഹലോയെന്നാണ് ഓര്ക്കട് പറയുന്നത്. ഫേസ്ബുക്ക് അടക്കമുള്ളവയില്‍ നിന്നും വ്യത്യസ്തമായി, യൂസര്‍മാരെ വീണ്ടും ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഹലോയുടെ രൂപകല്പന.
ഹലോ ഡോട്ട് കോം സന്ദര്‍ശിച്ചാല്‍ ഹലോ ആപ്പിന്റെ ആപ്പിള്‍/ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, ഹലോ ഇന്ത്യയില്‍ എത്തിയിട്ടില്ല. ഹലോ സന്ദര്‍ശിക്കുന്നവരെ സ്വാഗതം ചെയ്ത് ഓര്ക്കട് ബുയുക്കൊട്ടന്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലിഷ്, ടര്‍ക്കിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലാണ് ഓര്ക്കട് ബുയുക്കൊട്ടന്റെ സന്ദേശം.
ആപ്പിലെ ആക്ടിവിറ്റികള്‍ക്ക് കോയിന്‍സ്, റിവാര്‍ഡുകള്‍, പോയിന്റുകള്‍ എന്നിവ ലഭിക്കും. ഇതിനനുസരിച്ച് ഗെയിമുകളുടെ മാതൃകയില്‍ ലെവലുകളും ഉണ്ടാകും. പോസ്റ്റുകള്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും പോയിന്റുകള്‍ ലഭിക്കുക. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി താല്പര്യങ്ങളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ ആളുകളെ ബന്ധിപ്പിക്കുകയാണ് ഹലോ ലക്ഷ്യമിടുന്നത്.
വിഷ്വല്‍ ആപ്ലിക്കേഷന്‍ എന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഹലോയില്‍ ചിത്രങ്ങളുടെ രൂപത്തില്‍ മാത്രമേ പോസ്റ്റുകള്‍ ചെയ്യാനാകൂ. ടെക്സ്റ്റ് പോസ്റ്റുകള്‍ ഈ ആപ്പില്‍ അനുവദിക്കില്ല. ഗൂഗിള്‍ ഉദ്യോഗസ്ഥനായിരുന്ന ഓര്‍ക്കട ബുയുക്കൊട്ടനും ഗിതിന്‍ ജോസും ചേര്‍ന്നാണ് സ്വതന്ത്ര പ്രോജക്റ്റ് എന്ന നിലയില്‍ ഓര്‍ക്കുട്ട് വികസിപ്പിച്ചെടുത്തത്. എന്നാല്‍ പിന്നീട് പ്രചാരം നശിച്ച ഓര്‍ക്കൂട്ടിനെ എറ്റെടുത്ത ഗൂഗിള്‍ 2014 സെപ്റ്റംബര്‍ 30 ന് അവസാനിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല