ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): വർദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയിൽ വിഷമമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുവേണ്ടി സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ
പിആർഓ ഫാ. ടോമി എടാട്ട് ചെയർമാനായി പ്രത്യേക ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി രൂപതാകേന്ദ്രത്തിൽ നിന്നും അറിയിച്ചു. പ്രവാസികളായ മലയാളികളും സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്നവരും ഉപരിപഠനത്തിനായി എത്തിയ വിദ്യാർത്ഥികളും അടിസ്ഥാനസൗകര്യത്തിനും ആവശ്യങ്ങൾക്കുമായി ബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കിൽ ഈ ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഇടവകാംഗങ്ങളിൽനിന്നുമാണ് സന്നദ്ധസേവനത്തിനായി വോളണ്ടിയർമാരുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുമായി ആയിരത്തിലധികം പേരാണ് ഈ കൂട്ടയ്മയുടെ ഭാഗമായിട്ടുള്ളത്.
യുകെയുടെ എല്ലാഭാഗത്തും അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തിര സഹായം എത്തിക്കാനുതകുന്ന രീതിയിലുള്ള കോ-ഓർഡിനേഷനാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന്
ഫാ. ടോമി എടാട്ട് അറിയിച്ചു.
കോവിഡ്-19 രാജ്യത്തെ ഗ്രസിച്ചു തുടങ്ങിയപ്പോൾ തന്നെ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ റീജിയനുകളിൽ സഹായമാവശ്യമുള്ളവർക്കായി ഹെല്പ് ലൈൻ നമ്പരോടുകൂടിയ വോളന്റിയേഴ്‌സ് കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. നാട്ടിൽ പോകാനാവാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളെയും യുകെയിൽ ജോലിക്കായി പുതിയതായി എത്തുകയും ജോലിയിൽ പ്രവേശിക്കാനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന നിരവധിപേരെ ഇതിനോടകം സഹായിക്കാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.
എന്നാൽ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിൽ നിന്നും നിരവധി മാതാപിതാക്കൾ യുകെയിലുള്ള തങ്ങളുടെ മക്കളുടെ നിലവിലെ അവസ്ഥയിൽ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിൽ രൂപതയിലെ ഇടവകകളുടെയും മിഷനുകളുടെയും സഹായത്തോടെ യുകെയിലുള്ള പ്രവാസികളിൽ എല്ലാവരിലും സഹായമെത്തിക്കുക എന്ന ഉദ്യമമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏറ്റെടുത്തിരിക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. സഭ എല്ലായ്‌പ്പോഴും പ്രാർത്ഥനയോടും പിന്തുണയോടും കൂടെ എല്ലാവരുടെയും ഒപ്പം ഉണ്ടെന്നും നാം ചെയ്യുന്ന നന്മകളെയും പ്രാർത്ഥനകളെയും പ്രവർത്തനങ്ങളെയും ദൈവം വിലമതിക്കുന്നുവെന്നും സഹോദരങ്ങളെ സഹായിക്കുവാനുള്ള വിളിയിൽ നാം പങ്കുചേരണമെന്നും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ഹെല്പ് ലൈൻ ഡെസ്ക്: Rev Fr Tomy Adatt – Coordinator of the helpline (mob no. +44. 7448836131), Very Rev Mgr Antony Chundelikkatt (07478273948), Very Rev Mgr Sajimon Malayil Puthenpurackal 07913653154), Very Rev Mgr . Jino Varghese Arikkatt MCBS (mob no. 07731507221), Very Rev Mgr George Chelackal (07455307570) and Rev Fr Mathew Pinakkattu (07788790928).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല