സ്വന്തം ലേഖകന്‍: മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി. സേനാപതി മാര്‍ഗില്‍ കമലാ മില്‍സ് കെട്ടിടത്തിലെ തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തല്‍. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്.
‘പൊലീസ് നിഷ്‌ക്രിയമാണെന്ന ആരോപണം തെറ്റാണ്. പൊലീസ് അവരുടെ ജോലി മികവോടെ ചെയ്തു. മുംബൈയിലെ ജനപ്പെരുപ്പമാണ് പ്രശ്‌നമുണ്ടാക്കിയത്. മുംബൈ അവസാനിക്കുമ്പോള്‍ അടുത്ത നഗരം ആരംഭിക്കുകയാണ്. നഗരം നിയന്ത്രണാതീതമായി വികസിക്കുന്നു. ഓരോ നഗരത്തിലെയും ജനസംഖ്യ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
ആ പരിധിക്കു മുകളില്‍ ജനസംഖ്യയാകാന്‍ അനുവദിക്കരുത്. പിന്നീട് വരുന്നവരെ അടുത്ത നഗരത്തിലേക്ക് പറഞ്ഞുവിടണം’– ഹേമ മാലിനി പറഞ്ഞു. ഹേമ മാലിനിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.
ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്കുശേഷമാണ് തീ പടര്‍ന്നത്. ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേറ്റു. കമല ട്രേഡ് ഹൗസ് കെട്ടിടത്തിലെ വണ്‍ എബവ് റസ്റ്ററന്റിലാണ് തീ പിടിച്ചത്. വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കു പടര്‍ന്നു. എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല