1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2024

സ്വന്തം ലേഖകൻ: ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഏജന്‍സിയാണ് അയാട്ട. ഇന്ത്യയുടെ നിലവിലെ റാങ്ക് സെനഗല്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടേതിന് സമാനമാണ്.

പട്ടിക പ്രകാരം 195 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി തിരഞ്ഞെടുക്കപ്പെട്ടു. 58 രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വീസ രഹിത പ്രവേശനം അനുവദിക്കുന്നത്.192 രാജ്യങ്ങളിലേക്ക് വീസരഹിത പ്രവേശനം നല്‍കുന്ന ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് രണ്ടാമത്.

റാങ്കിങ്ങില്‍ മൂന്നാമതെത്തിയത് ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവയാണ്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 191 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസ രഹിത പ്രവേശനമുണ്ട്. ന്യൂസിലാന്‍ഡ്, നോര്‍വേ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്കൊപ്പം ബ്രിട്ടന്‍ നാലാമതാണ്. ഓസ്ട്രേലിയയും പോര്‍ച്ചുഗലും അഞ്ചാം സ്ഥാനം പങ്കിട്ടു. 186 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനവുമായി അമേരിക്ക എട്ടാം സ്ഥാനത്തേക്ക് വീണു.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ്‌ തുടങ്ങിയ ജനപ്രിയ രാജ്യാന്തര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ പൗരന്മാര്‍ക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്പോര്‍ട്ട് പട്ടികയില്‍ 82-ാം സ്ഥാനത്താണ്. പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 33 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കിക്കൊണ്ട് അയല്‍രാജ്യമായ പാകിസ്ഥാന്‍ 100-ാം സ്ഥാനത്താണ്. 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസരഹിതമായി എത്തിച്ചേരാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയുടെ ഏറ്റവും താഴെയുള്ളത്.

2024ലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകള്‍
സിംഗപ്പൂര്‍ (195 ലക്ഷ്യസ്ഥാനങ്ങള്‍)

ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍ (192)

ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ (191)

ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ന്യൂസിലാന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, യു കെ (190)

ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ (189)

ഗ്രീസ്, പോളണ്ട് (188)

കാനഡ, ചെക്കിയ, ഹംഗറി, മാള്‍ട്ട (187)

യുണൈറ്റഡ് സ്റ്റേറ്റ്‌സ് (186)

എസ്‌തോണിയ, ലിത്വാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (185)

ഐസ്‌ലാന്‍ഡ്‌, ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ (184)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.