1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2024

സ്വന്തം ലേഖകൻ: ലബനനിലെ ഒരു ശ്മശാനത്തിന് താഴെ ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍. ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സാണ് വിവരം പുറത്തുവിട്ടത്. ടണലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.

ശ്മശാനത്തിനടിയില്‍ തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഒരു തുരങ്കം ഉള്‍പ്പെടെ ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ സൈന്യം തകര്‍ത്തുവെന്ന് വ്യക്തമാക്കിയ ഇസ്രായേല്‍ ഹിസ്ബുള്ള മനുഷ്യജീവനെ വിലമതിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിനുസമീപം ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ ബഹുനിലക്കെട്ടിടത്തിനുനേരേയാണ് ആക്രമണമുണ്ടായത്.

അതേ സമയം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം പേജര്‍ സ്‌ഫോടനപരമ്പരനടത്താന്‍ താന്‍ അനുമതികൊടുത്തിരുന്നെന്ന് സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് വന്നു. സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.

സെപ്റ്റംബര്‍ 17-നാണ് ലെബനന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേജര്‍സ്‌ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്.

പേജര്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് കൈവിരലുകള്‍ നഷ്ടമാവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്. 1996ല്‍ ഹമാസിന്റെ യഹ്യ അയ്യാഷിനെ ഇസ്രയേല്‍ വധിച്ചതിന്‌ പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചത്‌. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.

പേജര്‍ ആക്രമണത്തിനെതിരേ ലബനന്‍ ഐക്യരാഷ്ട്ര സഭ ലേബര്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു. ഇസ്രായേല്‍ ലബനനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 3000 ത്തിലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.