1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2023

സ്വന്തം ലേഖകൻ: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അടിയന്തരമായി ഇതിൽ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിന് ഇതിൽ തുടർ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു കത്തിന്റെ ചുരുക്കം.

അതേസമയം, ഹൈബി ഈഡന്റെ നിർദ്ദേശത്തെ സർക്കാർ എതിർത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലിന്റെയും കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിന്റെയും പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു.

സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാന നഗരം തിരുവനന്തപുരമാണ്. അവിടെ അതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയിൽ ഇനിയും വികസിക്കാനുള്ള സാധ്യതകൾക്ക് സ്ഥല പരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോൾ ഇല്ലെന്നും വിലയിരുത്തലുണ്ട്.

കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയിൽ, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കേരളത്തിന്റെ ഇരട്ടിയിലധികം വലിപ്പമുള്ള തമിഴ്നാട്ടിൽ ഇതുപോലെ ഒരറ്റത്താണ് തലസ്ഥാനമായ ചെന്നൈ നഗരം സ്ഥിതി ചെയ്യുന്നതെന്നാണ് മറുവാദം.

അതേസമയം, അത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. അങ്ങനെയൊരു ചർച്ചയും പാർട്ടിക്കകത്ത് ഉണ്ടായിട്ടില്ല. അതു മാത്രമല്ല, തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തിൽ മാറ്റുന്നത് ചർച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.