സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തവകാശം ലഭിക്കുന്ന തരത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു സമുദായം പ്രക്ഷോഭത്തിലേക്ക്. ഇസ്ലാമാബാദിലെ ദേശീയ പ്രസ് ക്ലബിനു മുന്നില്‍ സമുദായംഗങ്ങള്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടി.
വിവാഹം രജിസ്ട്രര്‍ ചെയ്യുന്ന നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ ഉറപ്പുനല്‍കിയെങ്കിലും പ്രാബല്യത്തിലായിട്ടില്ല. വിവാഹം നിയമവിധേയമാക്കാത്തതു മൂലം കഴിഞ്ഞ ആറു പതിറ്റാണ്ടായി പാക്കിസ്ഥാനിലെ ന്യുനപക്ഷ ഹിന്ദു സമുദായത്തില്‍ പെട്ട സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാ അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നു ഷെഡ്യൂള്‍ഡ് കാസ്റ്റ് റൈറ്റ്സ് മൂവ്മെന്‍റ് പ്രവര്‍ത്തക ശകുന്തളാദേവി ചൂണ്ടിക്കാട്ടി.
കുടുംബ നിയമങ്ങളും സ്ത്രീകള്‍ക്ക് അനുകൂലമല്ല. നിയമം നടപ്പാക്കാത്തതു മൂലം കുടുംബ സ്വത്തുക്കളുടെ അവകാശം തേടി കോടതിയെ സമീപിക്കുമ്പോള്‍ പരാജയപ്പെടുകയാണ്. വിവാഹം കഴിഞ്ഞ സ്ത്രീകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് കോടതിയില്‍ സ്വന്തം ഭാര്യയാണെന്ന് തെളിവുനല്‍കാന്‍ പോലും സാധിക്കുന്നില്ലെന്ന് ശകുന്തളാദേവി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല