1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2017

സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം ഹൈ ഹീല്‍ ചെരുപ്പ് ധരിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ കാനഡയില്‍ നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. 1996 ലെ വര്‍ക്കേഴ്‌സ് കോംമ്പന്‍സേഷന്‍സ് ആക്ടിലാണ് ഈ ഭേദഗതി വരുത്തിയത്. ഉയര്‍ന്ന മടമ്പുള്ള ചെരിപ്പ് ധരിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കാര്‍ ഭേദഗതി.

ബ്രിട്ടീഷ് കൊളംബിയന്‍ മുഖ്യമന്ത്രി ക്രിസ്റ്റി ക്ലര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഏപ്രില്‍ അവസാനവാരം മുതല്‍ ഈ ഭേദഗതി നിലവില്‍ വരും. പ്രവിശ്യയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവായ ആന്‍ഡ്രൂ വീവര്‍ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ ഒരു നിയമപത്രിക അവതരിപ്പിച്ചിരുന്നു. ലിംഗഭേദത്തിന് അനുസരിച്ച് ചെരിപ്പിലും മറ്റുള്ളവയിലും തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നെ ആവശ്യവും ഈ നിയമപത്രികയില്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഇത് സംബന്ധിച്ച് വലിയൊരു ചര്‍ച്ച സംഘടിപ്പിക്കണമെന്നാണ് ഈ പ്രവിശ്യയിലെ ചില തൊഴില്‍ വിദഗ്ധരുടെ അഭിപ്രായം. കാരണം പുരുഷനെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകള്‍ക്ക് തങ്ങളുടെ വസ്ത്രധാരണത്തിനും മറ്റുമായി അധികസമയവും പണവും ചെലവഴിക്കേണ്ടി വരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. കാനഡയിലെ പല തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ ലിപ്സ്റ്റിക് ധരിക്കണമെന്നും ചെറിയ പാവാട ധരിക്കണമെന്നും നിയമമുണ്ട്.

അതേസമയം, ലിംഗപരമായി നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള വിവേചനങ്ങളിലും ഒരു തീര്‍പ്പുണ്ടാക്കണമെന്നാണ് തൊഴില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കനേഡിയന്‍ പ്രവിശ്യകളില്‍ സ്ത്രീ തൊഴിലാളികള്‍ക്കെതിരായ വിചിത്രമായ പല നിയമങ്ങളും നിലനില്‍ക്കുന്നത് ലോകമെങ്ങുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.