സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റിന് മന്ത്രിസഭയുടെ അനുമതി. സർക്കാരിന്റെ നിർദേശപ്രകാരം മാഹി, വടകര എന്നിവിടങ്ങളിലെ അലൈൻമെന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ അലൈൻമെന്റ് തയാറാക്കിയിട്ടുള്ളത്.
പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെത്തുടർന്നു മാഹിയെ പൂർണമായി ഒഴിവാക്കി. മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു സർക്കാരിന്റെ പരാതി. തുടർന്നു മാഹിയിലെ ബൈപാസ് പൂർണമായി ഒഴിവാക്കി നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായിത്തന്നെ വേഗപാത നിർമിക്കാനും തീരുമാനിച്ചു.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതിക്കു നേതൃത്വം നൽകുക. കേരളത്തിൽ ഇന്നോടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ തിരുവനന്തപുരത്തുനിന്നു കാസർകോട്ടെത്താൻ 9 മണിക്കൂറെങ്കിലും വേണമെന്നാണ് റെയിൽവേയുടെ കണക്ക്.
ഇതേ ദൂരം സിൽവർലൈൻ 3.52 മണിക്കൂറിൽ താണ്ടും. തിരുവനന്തപുരത്തേക്കു തൃശൂരിൽ നിന്ന് 1.54 മണിക്കൂർ, കാസർകോട്ടേക്ക് 1.57 മണിക്കൂറുമാണ് അതിവേഗ ട്രെയിനിന്റെ സഞ്ചാരസമയം. എറണാകുളത്തിനും തിരൂരിനുമിടയിൽ തൃശൂരാണ് ഏക സ്റ്റേഷൻ.
തിരുവനന്തപുരത്തു നിന്ന് 259 കിലോമീറ്ററകലെ തൃശൂരിൽ ട്രെയിനെത്താൻ 1.54 മണിക്കൂർ മതിയെന്നാണ് കണക്ക്. പരമാവധി 200 കിലോമീറ്റർ വേഗം വരെ ആർജിക്കാൻ ശേഷിയുള്ള ട്രെയിൻ തൃശൂരിൽ നിന്ന് 273 കിലോമീറ്റർ സഞ്ചരിച്ച് കാസർകോട്ടെത്താൻ വേണ്ടത് 1.57 മണിക്കൂർ.
എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള 64 കിലോമീറ്റർ ദൂരം 28 മിനിറ്റിൽ മറികടക്കും. തൃശൂരിൽ നിന്ന് 58 കിലോമീറ്ററകലെ തിരൂരിലേക്ക് 25 മിനിറ്റിൽ ഓടിയെത്തും. തിരുവനന്തപുരത്തു നിന്നു കാസർകോട്ടെത്താൻ വേണ്ടതു 3.52 മണിക്കൂർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല