1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2024

സ്വന്തം ലേഖകൻ: യുഎഇയുടെ പുതിയ മന്ത്രിസഭാ പുനസ്സംഘടനയുടെ പശ്ചാത്തലത്തില്‍ രൂപീകൃതമായ പുതിയ വിദ്യാഭ്യാസ, മാനവ വിഭവശേഷി, കമ്മ്യൂണിറ്റി വികസന കൗണ്‍സില്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ വിദ്യാഭ്യാസ, ഗവേഷണ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടം. യുഎഇയിലെ വിദ്യാഭ്യാസ മേഖലയുടെ പുതിയ ഘടന ഈ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചട്ടക്കൂടിന്റെ ഭാഗമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.

നാഷണല്‍ സെന്റര്‍ ഫോര്‍ ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍, ജനറല്‍ സെക്രട്ടേറിയറ്റ്, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയം, മാനവ വിഭവശേഷി മഎമിറേറ്റൈസേഷന്‍ ന്ത്രാലയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി രൂപീകൃതമായ വിദ്യാഭ്യാസ, മാനവ വിഭവശേഷി, കമ്മ്യൂണിറ്റി വികസന കൗണ്‍സില്‍ .

കൗണ്‍സിലിന്റെ ഉത്തരവാദിത്തങ്ങള്‍ ഇവയാണ്:

  • രാജ്യത്തെ വിദ്യാഭ്യാസം, മാനവ വികസനം, സമൂഹം എന്നിവയ്ക്കായി കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യല്‍.
  • ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ സ്ഥാപിക്കല്‍.
  • മേഖലയുമായി ബന്ധപ്പെട്ട ചട്ടക്കൂടുകള്‍, നയങ്ങള്‍, തന്ത്രങ്ങള്‍, നിയമനിര്‍മ്മാണം, നിയന്ത്രണങ്ങള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കല്‍.
  • പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് നിരീക്ഷിക്കുകയും ചെയ്യല്‍.
  • വിദ്യാഭ്യാസം, മാനവ വികസനം, സമൂഹം എന്നിവയില്‍ റിസോഴ്സ് മാനേജ്മെന്റ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയ്ക്കായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കല്‍.
  • വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദ്യാഭ്യാസവും തൊഴില്‍ ശക്തിയും തമ്മിലുള്ള സഹകരണം, ഏകോപനം, യോജിപ്പ് എന്നിവ വര്‍ദ്ധിപ്പിക്കുക.

പുതിയ ഉപപ്രധാനമന്ത്രിയായി നിയമിതനായ നിലവിലെ വിദേശകാര്യ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെയര്‍മാനും ശെയ്ഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈസ് ചെയര്‍മാനുമായാണ് വിദ്യാഭ്യാസ, മാനവ വിഭവശേഷി, കമ്മ്യൂണിറ്റി വികസന കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസവും സമൂഹവും തമ്മിലുള്ള ആശയവിനിമയവും യോജിപ്പും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിലെ വിവിധ കക്ഷികള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് പുതിയ ഘടനയിലൂടെ ലക്ഷ്യമിടുന്നത്. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ലക്ഷ്യം വച്ച ഫലങ്ങള്‍ കൈവരിക്കുന്നതിന് പ്രകടനത്തിന്റെ തുടര്‍ച്ചയായ വിലയിരുത്തല്‍ ഉറപ്പാക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കുട്ടികളെ ചെറു പ്രായത്തില്‍ തകന്നെ പരിഗണിക്കുകയും അവരുടെ വിദ്യാഭ്യാസപരവും പ്രായോഗികവുമായ കരിയറിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് പുതിയ ഘടന ലക്ഷ്യമിടുന്നത്. ബിരുദധാരികളുടെ അഭിലാഷങ്ങള്‍, കഴിവുകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൗണ്‍സില്‍ ഊന്നല്‍ നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.