
സ്വന്തം ലേഖകൻ: ഏഷ്യ പസഫിക് മേഖലയിൽ അന്താരാഷ്ട്ര വിമാന സർവീസ് നിരക്കുകൾ ഏറ്റവും ഉയർന്നത് ഇന്ത്യയിലെന്ന് എയര്‍പോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ). ഏഷ്യ- പസഫിക് മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും പത്ത് പ്രധാനപ്പെട്ട ഏവിഷയേഷൻ മാർക്കറ്റുകളിലെ 36,000 റൂട്ടുകൾ പരിശോധിച്ച് എസിഐ നടത്തിയ പഠനത്തിൽ അന്താരാഷ്ട്ര വിമാനസർവീസ് നിരക്കുകൾ വലിയ തോതിൽ വർധിച്ചതായി കണ്ടെത്തി.
അന്താരാഷ്ട്ര വിമാനസർവീസ് നിരക്ക് 50 ശതമാനമായും ആഭ്യന്തര വിമാന സർവീസ് നിരക്ക് 10% ത്തിൽ താഴെയായും ഉയർന്നെന്നാണ് എസിഐയുടെ പഠനത്തിൽ വ്യക്തമായത്. ഇന്ത്യയിലും (41%) യുഎഇയിലും (34%) സിംഗപ്പൂരിലും (30%) ഓസ്ട്രേലിയയിലും (23%) ആണ് നിരക്കുകള്‍ ഏറ്റവും ഉയർന്നത് 2023 ന്റെ ആദ്യ മൂന്നുമാസത്തിൽ ഇന്ത്യയിലും ഇന്തൊനീഷ്യയിലും സൗദിയിലും സൗത്ത് കൊറിയയിലും ജപ്പാനിലും ആഭ്യന്തര വിമാനനിരക്ക് ഉയരുന്നുണ്ടായിരുന്നു.
കോവിഡിനുശേഷം വ്യോമഗതാഗത്തിൽ വളരെ പെട്ടെന്ന് തിരിച്ചുവരവ് നടത്തിയത് ഇന്ത്യയാണ്. വിമാന സർവീസുകളുടെ കാര്യത്തിൽ പല അന്താരാഷ്ട്ര വിമാന കമ്പനികളും ഇന്ത്യയിൽ വലിയ വിപണി കാണുന്നുണ്ട്. 2021 മുതൽ ആഗോളതലത്തിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിരുന്നു. ഗോ ഫസ്റ്റിന്റെ പതനത്തിനു പിന്നാലെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കും ഉയരുകയാണ്.
വിമാന ടിക്കറ്റ് നിരക്കുകളിലെ വലിയ വർധനവ് ഗുണകരമാകില്ലെന്നും യാത്രക്കാരുടെ താൽപ്പര്യങ്ങളും പരിഗണിച്ച് ന്യായമായ രീതിയിൽ നിരക്കുകൾ ഈടാക്കണമെന്നും എസിഐ ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൺസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല