സ്വന്തം ലേഖകൻ: ഒമാനില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകളെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനവും ഒമാനുണ്ട്. നുംബ്യോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് സൂചിക തയാറാക്കിയത്.
വിവിധ രാജ്യങ്ങളിലെ ശരാശരി പ്രതിമാസ വേതനം റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നു. നികുതിക്ക് ശേഷം രാജ്യത്തെ ശരാശരി പ്രതിമാസ ശമ്പളം 2,205.82 ഡോളറാണ്. പട്ടികയില്‍ മുന്നില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ്. ലക്സംബർഗാണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരാണ് മൂന്നാം സ്ഥാനത്ത്.
ഗള്‍ഫ് രാജ്യമായ ഖത്തര്‍ നാലാം സ്ഥാനത്തുണ്ട്. 12 അറബ് രാജ്യങ്ങൾ പട്ടികയിൽ ആദ്യ നൂറിലുണ്ട്. 4135.60 ഡോളര്‍ ആണ് ഖത്തറിലെ ശരാശരി പ്രതിമാസ വേതനം. 3,617.57 ഡോളറുമായി യുഎഇ അഞ്ചാം സ്ഥാനത്തും 2,648.49 ഡോളറുമായി കുവൈത്ത് 21–ാം സ്ഥാനത്തുമാണ്. 2036.49 ഡോളർ നല്‍കുന്ന സൗദി 29–ാം സ്ഥാനത്താണ്.
സുല്‍ത്താനേറ്റ് ഓഫ് ഒമാനിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിയും തൊഴിലാളികള്‍ക്ക് നല്ല വേതന പാക്കേജ് നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയുമാണ് ഒമാന്റെ ഉയര്‍ന്ന സ്ഥാനം കാണിക്കുന്നത്. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അനുകൂല തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുന്നതിന്റെ പ്രതിഫലനമാണ് റാങ്കിങ്ങിലെ ഒമാന്റെ നേട്ടം. രാജ്യത്ത് ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാര്‍ക്ക് ലഭ്യമായ ശക്തമായ സാമ്പത്തിക പ്രതിഫലം കൂടിയാണ് ഇത് കാണിക്കുന്നത്.
തൊഴില്‍ നിയമങ്ങളില്‍ ഒമാന്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അനുകൂല വ്യവസായ അന്തരീക്ഷം മെച്ചപ്പെുടത്താനും നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും കാരണമായിട്ടുണ്ട്. ഇതിലൂടെ സുസ്ഥിര സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനാകും.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും പലപ്പോഴും മെച്ചപ്പെട്ട സേവനവേതന ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ മൊത്തം വേതന റാങ്കിങ്ങിനെ അനുകൂലമാക്കുന്നു. ആകര്‍ഷക തൊഴിലവസരങ്ങള്‍ തേടുന്ന വിദഗ്ധ തൊഴിലാളികള്‍ക്കുള്ള പ്രധാന കേന്ദ്രമാണ് ഒമാന്‍ എന്നതും ഇത് തെളിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല