1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2023

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ . ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരാണ് ശിരോവസ്ത്രത്തിന് കർണാടകത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്.

ഏറെ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമടക്കം വഴിവെച്ച ശിരോവസ്ത്ര നിരോധനം ഒട്ടേറെ പ്രതിഷേധങ്ങളുണ്ടായിട്ടും പിൻവലിക്കാൻ ബി ജെ പി സർക്കാർ തയ്യാറായിരുന്നില്ല. ഭക്ഷണവും വസ്ത്രധാരണവും വ്യക്തിപരമായ അവകാശങ്ങളാണെന്ന് വ്യക്തമാക്കിയ സിദ്ദരാമയ്യ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ചു.

ഒരു ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവേയാണ് ബി ജെ പി ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് സിദ്ദരാമയ്യ ശിരോവസ്ത്ര നിരോധനം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.എല്ലാവർക്കും ഒപ്പം,എല്ലാവരുടെയും വികസനം എന്ന് പറയുന്ന ബി ജെ പി തൊപ്പിയും ബുർഖയും ധരിക്കുന്നവരേയും താടിയുള്ളവരേയും വേറിട്ട് കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങളെ കുറിച്ച് ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ചോദിച്ചപ്പോൾ അക്കാര്യത്തിൽ നാളെ മുതൽ ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും നിരോധനം പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

“നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം, കഴിക്കാം, അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ് നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ നിങ്ങളുടേതും എന്റെ തിരഞ്ഞെടുപ്പുകൾ എന്റേതുമാണ്. ഞാൻ ധോതിയും കുർത്തയും ധരിക്കുമ്പോൾ നിങ്ങൾ പാന്റും ഷർട്ടും ധരിക്കുന്നു, അത് നമ്മുടെ ഇഷ്മാണ് ഇതിൽ എന്താണ് തെറ്റ്” ബി ജെ പി യുടെ ഹിജാബ് നിരോധനത്തെ വിമർശിച്ചുകൊണ്ട് സിദ്ദരാമയ്യ പറഞ്ഞു.

ഇതിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്‌കാ സാത്, സബ്‌കാ വികാസ്’ എന്ന മുദ്രാവാക്യത്തെ “വ്യാജം” എന്നാണ് വിശേഷിപ്പിച്ചത്. വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെയും സമൂഹത്തെയും ഭിന്നിപ്പിക്കുന്ന ജോലിയാണ് ബിജെപി ചെയ്യുന്നതെന്നും ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കാൻ താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബ ജെ പി സർക്കാർ ഉത്തരവിട്ടത്.

“സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുത്” എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ കയറുന്നത് നിരോധിച്ചത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവിൽ വിശദീകരിച്ചത്.

ഹിജാബ് നിരോധനം സംസ്ഥാനത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉത്തരവിനെതിരെ നിരവധി വിദ്യാർത്ഥികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നിരോധനം ശരിവെക്കുകയായിരുന്നു. തുടർന്ന് ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ഭിന്ന വിധിയായിരുന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 2022 ഒക്ടോബറിൽ പുറപ്പെടുവിച്ചത്.

2021 ഡിസംബർ 28 ന് ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജിലെ ആറ് പെൺകുട്ടികൾക്ക് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിച്ചതോടെയാണ് ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമായത്. പിന്നീട് ഹിജാബ് വിഷയത്തെ കോൺഗ്രസ് ഏറ്റെടുക്കുകും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ബി ജെ പി ക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.