സ്വന്തം ലേഖകന്‍: വിമാനം റാഞ്ചമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നു വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 പേരടങ്ങുന്ന സംഘം ഈ വിമാനത്താവളങ്ങളില്‍നിന്നും ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി.
വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഭീഷണി സന്ദേശം ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍, യാത്രക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ വഅകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. വിമാനത്താവളങ്ങളിലെ സന്ദര്‍ശക ഗാലറികള്‍ അടച്ചു.
മുബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഈ ഗൂഢാലോചനയില്‍ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. അജ്ഞാത യുവതിയാണ് സന്ദേശം അയച്ചിരിക്കുന്നത്.
ഭീഷണിയെ തുടര്‍ന്നു ഡല്‍ഹിയടക്കമുള്ള രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് അറിയിച്ചു. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പിനെത്തുടര്‍ന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും ജാഗ്രത പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല