1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2024

സ്വന്തം ലേഖകൻ: സ്കൂൾ ഫീസ് വർധനയിൽ നട്ടംതിരിഞ്ഞ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. കെട്ടിട വാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനിടെയാണ് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് ഫീസ് വർധന പ്രാബല്യത്തിലായത്.

അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പിന്റെ നിലവാര പരിശോധനയിലെ മികവ് അടിസ്ഥാനമാക്കിയാണ് ഓരോ സ്കൂളുകൾക്കും വ്യത്യസ്ത അനുപാതത്തിൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത്. നിലവിലെ ഫീസിൽ 6% വരെ കൂട്ടാനാണ് അനുമതി. ഇതാണ് ഇടത്തരം കുടുംബങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയത്.

ഒന്നിലേറെ കുട്ടികൾ പഠിക്കുന്ന കുടുംബങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടിലാകുക. ഇന്ത്യൻ സ്കൂളുകൾ മുൻകാല പ്രാബല്യത്തോടെയാണ് ഫീസ് കൂട്ടുന്നത്. ഏപ്രിൽ മുതലുള്ള ഫീസിലാണ് വർധന. അബുദാബിലെ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് 3 മാസത്തേക്ക് 2893 ദിർഹമാണ് ഈടാക്കിയിരുന്നത്. രണ്ടാം പാദത്തിൽ ഇത് 3073 ദിർഹമായി. ഇതേ സ്കൂളിൽ കെ.ജി ക്ലാസിൽ 2723 ഉണ്ടായിരുന്നത് 2897 ദിർഹമായി.

കിന്റർഗാർട്ടൻ മുതൽ പ്ലസ് ടു വരെയുള്ള മറ്റൊരു ഇന്ത്യൻ സ്കൂളിൽ വാർഷിക ഫീസ് ശരാശരി 12,350 മുതൽ 18,550 ദിർഹം വരെയായി. വാർഷിക ഫീസിൽ 2000 ദിർഹത്തിലേറെ വർധിപ്പിച്ച സ്കൂളുകളുമുണ്ട്. കുറഞ്ഞ ഫീസുള്ള സ്കൂളുകളിലേക്കു കുട്ടികളെ മാറ്റാനാണെങ്കിൽ സീറ്റും കിട്ടാനില്ല.

ഇതുമൂലം പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നത് ആലോചിച്ചുതുടങ്ങി.‌ വേനൽ അവധിക്കു നാട്ടിലേക്കു പോയ ഒട്ടേറെ കുടുംബങ്ങൾ വിമാന ടിക്കറ്റ് വർധന മൂലം തിരിച്ചെത്തിയിട്ടില്ല. ഫീസ് വർധന വന്നതോടെ നാട്ടിലെ സ്കൂളിൽ പ്രവേശനം നോക്കുകയാണ് പലരും. മിക്ക സ്കൂളുകളിലും 3 മാസത്തെ ഫീസ് ഒന്നിച്ചാണ് വാങ്ങുന്നത്.

മാസം തോറും ഫീസ് അടയ്ക്കാൻ സൗകര്യം ഒരുക്കണമെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും ആവശ്യം. ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാനും സൗകര്യം ഒരുക്കണമെന്ന് ആവശ്യമുയർന്നു. സ്കൂൾ ഫീസ്, ബസ് ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങി അനുബന്ധ ഫീസുകളെല്ലാം കൂടി വർധിച്ചതോടെ ഒരു കുട്ടിക്ക് 20,000 രൂപ അധികം കണ്ടെത്തണം.

ഗ്രേഡ് അനുസരിച്ച് കൂടുതൽ ഫീസ് ഈടാക്കുന്നതിനാൽ 3 കുട്ടികളുള്ള രക്ഷിതാക്കൾക്ക് വർഷത്തിൽ 60,000 രൂപ അധികമായി കണ്ടെത്തേണ്ടിവരും. സാധാരണ കുടുംബങ്ങളിൽ 2 പേർ ജോലിക്കു പോയാൽ പോലും ചെലവ് കൂട്ടിമുട്ടിക്കാനാകത്ത വിധം ഉയർന്നിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.