സ്വന്തം ലേഖകന്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഹിലാരി ക്ലിന്റണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്ഥാനാര്‍ഥിത്വത്തിനുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി വ്യക്തമായ മേല്‍ക്കൈ നേടി. കഴിഞ്ഞ രണ്ടു പ്രൈമറി തെരഞ്ഞെടുപ്പുകളിലും എതിരാളി ബെര്‍ണി സാന്‍ഡേഴ്സിനെ മറികടക്കാന്‍ ഹിലരിക്കു കഴിഞ്ഞിരുന്നു.
നിര്‍ണായകമായ കലിഫോര്‍ണിയ ഉള്‍പ്പെടെ ആറു പ്രൈമറികളിലെ തെരഞ്ഞെടുപ്പിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്ഥികാനുള്ള ഭാഗ്യം ഹിലരിക്കു ലഭിച്ചേക്കും. ചൊവ്വാഴ്ച രാത്രിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്ന് ഹിലരിയുടെ പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ജോണ്‍ പൊഡെസ്റ്റാ പറഞ്ഞു.
പ്യൂര്‍ട്ടോ റിക്കോ, യു.എസ്. വിര്‍ജിന്‍ ഐലന്‍ഡുകളില്‍ നടന്ന പ്രൈമറി തെരഞ്ഞെടുപ്പുകളിലും ഹിലരിക്കായിരുന്നു വിജയം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ 2,382 പ്രതിനിധികളുടെ പിന്തുണയാണ് ആവശ്യമുള്ളത്. ഹിലരിക്ക് നിലവില്‍ 2,354 പ്രതിനിധികളുടെ പിന്തുണയുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് നേരത്തെതന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല