സ്വന്തം ലേഖകന്‍: സ്ത്രീകളുടെ പട നയിച്ച് ഹിലരി ക്ലിന്റന്‍ മടങ്ങിവരുന്നു, അമേരിക്കയുടെ ഭാവി സ്ത്രീകളുടെ കൈയ്യിലെന്ന് ആഹ്വാനം. എന്തും വെട്ടിത്തുറന്ന് പറയാനും എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനും ആഹ്വാനം ചെയ്ത ഹിലരി ഇസ്ലാമിക നിരോധനവും സ്ത്രീ വിരുദ്ധ നിലപാടുകളും തുടരുന്ന ട്രംപ് ഭരണത്തിനെതിരെ പരോക്ഷമായി ശബ്ദമുയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ മേക്കേഴ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ വീഡിയോ സ്‌റ്റേറ്റ്‌മെന്റിലൂടെയാണ് ഹിലരി വീണ്ടും തലക്കെട്ടുകളിലേക്ക് തിരിച്ചെത്തിയത്.
അമേരിക്കയില്‍ ഉടനീളമുള്ള സ്ത്രീകളോട് തങ്ങളെ ബന്ധനസ്ഥരാക്കിയിട്ടുള്ള സ്ഫടിക ചുവരുകള്‍ തകര്‍ത്ത് പുറത്തുവരാനും അവസരം പിടിച്ചെടുക്കാന്‍ പോരാടാനും ഹിലരി ആഹ്വാനം ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം ഇതാദ്യമായിട്ടാണ് ഹിലരി ഒരു പൊതുവേദിയെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തുടനീളമായി കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ത്രീകള്‍ നടത്തിവരുന്ന പ്രതിഷേധവും മാര്‍ച്ചും അമ്പരപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നു.
അമേരിക്കയുടെ ചരിത്രം തിരുത്തുന്നത് നിങ്ങളായിരിക്കുമെന്നും ലോകത്തെ ഓരോ അവസരങ്ങളും പിടിച്ചെടുക്കാന്‍ കരുത്തും ശേഷിയുമുണ്ടെന്നും ഹിലരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പൊതുരംഗത്തുനിന്ന് പിന്‍വലിഞ്ഞെങ്കിലും 2017 ല്‍ വന്‍ തിരിച്ചുവരവിനാണ് ഹിലരി പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സ്വന്തം പ്രസംഗങ്ങളും എഴുതിയ വിവിധ ലേഖനങ്ങളും പുസ്തകമാക്കുകയാണ് ആദ്യ പടി. തന്റെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളില്‍ ഒന്നായ ഇറ്റ് ടേക്‌സ് എ വില്ലേജ് പുന:പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഇതിനൊപ്പം തന്റെ പഴയ തട്ടകമായ വെല്ലസ്ലി കോളേജില്‍ പ്രഭാഷണത്തിനും എത്തുന്നുണ്ട്. കൂടാതെ ഭര്‍ത്താവ് ബില്‍ ക്ലിന്റനുമായി ചേര്‍ന്നുള്ള എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും കരാറുകള്‍ വേറെയും. വന്‍ തുകയാണ് ഈ പരിപാടികളിലൂടെ ഹിലരി സമ്പാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രസംഗത്തിന് 200,000 ഡോളര്‍ മുതല്‍ 225,000 ഡോളര്‍ വരെ വാങ്ങുന്ന ഹിലരി 2015 വരെ 15 മാസം കൊണ്ട് സമ്പാദിച്ചത് 11 ദശലക്ഷം ഡോളര്‍ ആയിരുന്നു. സ്വന്തമായി 30 ദശലക്ഷം ഡോളര്‍ സമ്പാദ്യമുള്ള ഹിലരി 45 ദശലക്ഷം മുതല്‍ 53 ദശലക്ഷം ഡോളര്‍ വരെ സമ്പാദ്യമുള്ള ബില്‍ ക്ലിന്റന്റെ തൊട്ടു പിന്നില്‍ തന്നെയുണ്ട്.
സ്ത്രീകള്‍ക്ക് അവരുടെ കഥകള്‍ പങ്കുവക്കാനും അവസരങ്ങള്‍ തേടാനുമുള്ള വേദിയാണ് മേക്കേഴ്‌സ്. കാലിഫോര്‍ണിയയിലെ റാഞ്ചോ പാലോസ് വെര്‍ദെസിലെ ടെറെനീ റിസോര്‍ട്ടില്‍ നടന്ന മേക്കേഴ്‌സ് വാര്‍ഷിക പരിപാടിയുടെ ഈ വര്‍ഷത്തെ വിഷയം ധൈര്യമായിരിക്കുക എന്നതായിരുന്നു. മുമ്പ് ഓപ്പറാ വിന്‍ഫ്രി, യൂ ട്യുബ് താരം ലില്ലി സിംഗ്, ഗ്‌ളോറിയാ സ്‌റ്റെനിം, കാര്‍ളി ലോയ്ഡ്, റൂത്ത് ബാദര്‍ ജിന്‍സ് ബര്‍ഗ്ഗ് തുടങ്ങിയവരെല്ലാം വന്നു പോയ വേദിയിലാണ് ഇത്തവണ ഹിലരി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല