1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2012

ഹിനാ റബ്ബാനി ഖാറിനെ പാക് വിദേശകാര്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയേക്കുമെന്ന് അഭ്യൂഹം. പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി അടുത്തിടെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നാണ് ഗീലാനി ഞായറാഴ്ച ലഹോറില്‍ പറഞ്ഞത്. പുതിയ സംഘം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നു വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

വിദേശകാര്യം കൈകാര്യം ചെയ്യുന്ന ആദ്യവനിതയായ ഹിനയെ പ്രസ്തുത പദവിയില്‍നിന്നു നീക്കി മറ്റെന്തെങ്കിലും ചുമതല ഏല്പിക്കുന്നതിനു മുന്നോടിയായാണു പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നു വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് സര്‍ദാരി ഞായറാഴ്ച ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അനുഗമിച്ച 40 അംഗ സംഘത്തില്‍ ഹിന ഉണ്ടായിരുന്നില്ല. പ്രസിഡന്റ് സര്‍ദാരിയും ഹിനയും പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ അടുത്തിടെ നടത്തിയ കാര്യവും മാധ്യമങ്ങള്‍ എടുത്തുപറഞ്ഞു.

അഫ്ഗാന്‍ വിഷയത്തില്‍ മേയില്‍ ഷിക്കാഗോയില്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുമോയെന്ന് യുഎസ് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി തോമസ് നിഡ്സിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍ദാരിയോട് ആരാഞ്ഞിരുന്നു. യുഎസ് ഔദ്യോഗികമായി ക്ഷണിച്ചാല്‍ പങ്കെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. വിദേശകാര്യമന്ത്രിയുടെ മറുപടിയാകട്ടെ ഇതിനു വിരുദ്ധമായിരുന്നു. പാക്-യുഎസ് ബന്ധത്തെക്കുറിച്ചു വിലയിരുത്തുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പൂര്‍ത്തിയാകുന്നതുവരെ ഇക്കാര്യം പരിഗണിക്കില്ലെന്നായിരുന്നു ഹിനയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.