സ്വന്തം ലേഖകൻ: കഴിഞ്ഞ 29-നാണ് ഗാസയില്‍ റെഡ് ക്രെസന്റ് പ്രവര്‍ത്തകരെത്തേടി ആറുവയസ്സുകാരി ഹിന്ദ് രജബിന്റെ ഫോണ്‍വിളിയെത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൂടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു അപേക്ഷ.
എന്നാല്‍, വെടിയൊച്ചകളുടെ പശ്ചാത്തലത്തില്‍ ഹിന്ദിന്റെ ശബ്ദം നിലച്ചു. റെഡ് ക്രെസന്റ് പ്രവര്‍ത്തകര്‍ ശനിയാഴ്ച ഫോണ്‍ വിളിയെത്തിയ സ്ഥലത്തെത്തി. ഹിന്ദ് സഞ്ചരിച്ച കറുത്ത കാറും കണ്ടെത്തി. ആ കാറില്‍ കണ്ടെത്തിയ ആറുമൃതദേഹങ്ങളില്‍ ഒന്ന് ഹിന്ദ് രജബിന്റേതായിരുന്നു. വെടിയേറ്റ് മരിച്ചനിലയിലായിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ ഗാസാസിറ്റിയില്‍നിന്ന് രക്ഷതേടി ബന്ധുക്കള്‍ക്കൊപ്പം കാറില്‍ പലായനംചെയ്തതായിരുന്നു ഹിന്ദ്. യാത്രാമധ്യേ ഇസ്രയേല്‍ സൈന്യത്തിന്റെ യുദ്ധടാങ്കും ഹിന്ദ് രജബ് സഞ്ചരിച്ച കാറും നേര്‍ക്കുനേര്‍ വന്നു. സൈന്യം വെടിയുതിര്‍ത്തു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ മൂന്നുകുട്ടികളും രണ്ട് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.
ഹിന്ദിന്റെ ഫോണ്‍ കോള്‍ റെഡ്‌ക്രെസന്റ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതോടെ ഹിന്ദിനെ കണ്ടെത്താനുള്ള കൂട്ടായ ശ്രമങ്ങളും തുടങ്ങി. ഹിന്ദിനെ രക്ഷപ്പെടുത്താന്‍ അയച്ച ആംബുലന്‍സ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും റെഡ് ക്രെസന്റ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല