1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

ലണ്ടന്‍ ഹിന്ദുഐക്യവേദി: യുകെ കണ്ട എക്കാലത്തെയും മികച്ച സംഗീതസാന്ദ്രമായ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം പടിയിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റ് തോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുവായൂര്‍ പുരിയായി പരിണമിക്കുകതന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലാത്തവിധം ആണ് ഏകാദശി സംഗീതോത്സവം അരങ്ങേറിയത്. ഓരോ വര്‍ഷം കഴിയുംതോറും അനേകായിരം കലാകാരന്മാര്‍ക്ക് മാറ്റുരക്കുവാനുള്ള ഒരു ഉത്തമവേദിയായി തന്നെ മാറുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം എന്നതിനെ ഈ കഴിഞ്ഞ സായാഹ്നം ഒരുത്തമ ഉദാഹരണം തന്നെയാണ്.

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ,ശ്രീ അശോക്കുമാര്‍, Dr ശിവകുമാര്‍, ശ്രീ ശങ്കരന്‍ നായര്‍ ,ശ്രീ രാജേഷ് രാമന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഈ കലാസന്ധ്യക്കു നാന്ദികുറിച്ചത് . തുടര്‍ന്ന് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകളുടെ ഗണേശസ്തുതിയില്‍ വിഘ്‌നേശ്വരന്‍ പ്രസാദിച്ചു എന്നുതന്നെ പറയാം. പിന്നീട് കണ്ടത് രാഗതാളലയങ്ങളുടെ അമൃതവര്ഷം തന്നെ ആയിരുന്നു. കര്‍ണാടക സംഗീതത്തിന്റെ മാസ്മരികതയെ ലണ്ടന്‍ മലയാളികള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുവാന്‍ രാജേഷ് രാമന്റെ നേതൃപാടവത്തിന്നു കഴിഞ്ഞു .ലണ്ടന്‍ മലയാളികള്‍ക്ക് മാത്രമല്ല എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് ശ്രീ രാജേഷ് രാമന്‍ സ്‌കൂള്‍ കലോസ്തവ കാലങ്ങളില്‍ തന്നെ കലാ പ്രതിഭയായിരുന്നതിനോടൊപ്പം ഏഷ്യാനെറ്റ് യൂറോപ്പ് ടാലെന്റ ഹണ്ട് വിജയികുടി ആണ് ശ്രീ രാജേഷ് രാമന്‍.

കര്‍ണാടക സംഗീതത്തിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു വാദ്യോപകരണം ആണ് വയലിന്‍. തമിഴ് കല്‍വി കുടം അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ എല്ലാവരുടെയും മനസുകവരുന്നതായിരുന്നു .തുടര്‍ന്ന് ലക്ഷ്മി വിനോദിന്റെ കേശാദി പാദവര്‍ണനയും , സ്വാതിതിരുന്നാള്‍ കീര്‍ത്തനം പാടി ശാലിനി വിജയ് യും ആസ്വാധകമനസ്സില്‍ നവ്യാനുഭവം സമ്മാനിച്ചു ,തുടര്‍ന്ന് സൗമ്യ അനീഷിന്റെ ഭജന്‍ ഭക്തിരസ പ്രാധാന്യം തുളുംമ്പുന്നതുതന്നെ ആയിരുന്നു.

ലതാ മാധുരി, സന്ധ്യ, സ്വര്‍ണ, സഞ്ജന, നിവേദ്യ സുനില്‍ ,റിയ മനോജ്, തുടങ്ങിയവരുടെ കീര്‍ത്തനാലാപം ആസ്വാദക ഹൃദയങ്ങളില്‍ വേറിട്ടൊരിടം തന്നെ ആണ് നല്‍കിയത്. അതോടൊപ്പം തന്നെ ചെന്നൈ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ശ്രീനിധിയുടേയും, ജയശ്രീയുടെയും ഗുരുവായൂരപ്പ കീര്‍ത്തനങ്ങള്‍ സംഗീതാസ്വാദകര്‍ക്കു പുതുമകള്‍ സമ്മാനിച്ചു .തുടര്‍ന്നു ദുരൈ പ്രവീണ്‍ ,ദുരൈ നിതീഷ് ,പ്രതാപന്‍ യോഗരാജ ,ലതന്‍ യോഗരാജ എന്നിവര്‍ വയലിനും ശ്രീ ബാഗ്ലൂര്‍ പ്രതാപിന്റെ ശിഷ്യരുടെ മൃദ0ഗ കച്ചേരിയും അരങ്ങേറി .ശിവകാമി തിലൈനാഥന്റെ സാക്‌സോഫോണ്‍ വായനയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .
യൂ കെ യിലെ എല്ലാ സംഗീതാസ്വാദകര്‍ക്കും സുപരിചിതനാണ് ശ്രീ സമ്പത് ആചാര്യ, ഈ മണ്ണിലും കര്‍ണാടകസംഗീതത്തിന്റെ വേരുകള്‍ നട്ടു വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്, രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ശിഷ്യസമ്പത്തു കൊണ്ട് അദ്ദേഹത്തിന്റെ പേരുതന്നെ അന്വര്‍ത്ഥമായി തീര്‍ന്നു .ഇന്ത്യന്‍ കര്‍ണാടക സംഗീതത്തിന്റെ മുഖശ്രീ ആയ ഹൈദ്രബാദ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ശ്രീ ശേഷാചാരിയുടെയും ശ്രീ രാഘവാചാരിയുടെയും ഇളയ സഹോദരന്‍ ആണ് ശ്രീ സമ്പത് ആചാര്യ. ഏകാദശി സംഗീതോത്സവവേദിയില്‍ അദ്ദേഹത്തിന്റെ സാമിപ്യം തന്നെ കുട്ടികള്‍ക്കു പ്രേചോദനം ആയിത്തീര്‍ന്നു. തുടര്‍ന്ന് മായാമാളവഗൗള രാഗത്തിലുള്ള സ്വാതിതിരുനാള്‍ കീര്‍ത്തനം ആയ ദേവദേവ കലയാമിതേ……… കമാസ് രാഗത്തിലുള്ള സന്താന ഗോപാലവും………. , ശ്യാമരാഗത്തിലുള്ള മാനസ സഞ്ജരരെ………… മലയാളികള്‍ക്ക് ഏറ്റവും പ്രിയരാഗമായ ആഭേരിയില്‍ തുടങ്ങുന്ന ത്യാഗരാജസ്വാമിയാല്‍ വിരചിതമായ നകുമോ ഓ മൂകനലെ………. ശ്രീ ശ്രീ സമ്പത് ആചാര്യയുടെ ആലാപന ത്തിനോടൊപ്പം മനസിലെ രാഗങ്ങളെ വിരല്‍ത്തുമ്പില്‍ ആവാഹിച്ചു വയലിനിസ്റ്റ് ശ്രീ ദുരൈ ബാലുവും, താളമേള സമ്മോഹനമായി. ആസ്വാദകമനസുകളെ ത്രസിപ്പിക്കും വിധമുള്ള ബാംഗ്ലൂര്‍ പ്രതാപിന്റെ മൃദ0ഗവായനയും കൂടി ചേര്‍ന്ന ഏകാദശി സംഗീതോത്സവ വേദി സരസ്വതി കടാക്ഷത്തിന്റെ നിമിഷങ്ങള്‍ ആണ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

ധാരാളം ശിഷ്യന്മാരാല്‍ അനുഗ്രഹീതനായ കലാകാരനാണ് ശ്രീ ദുരൈ ബാലു യു .കെ യിലെ കര്‍ണാടക സംഗീതത്തിന്റെ വളര്‍ച്ചക്ക് പ്രത്യേകിച്ചും വയലിന്‍ എന്ന വാദ്യോപകരണത്തിന്റെ വളര്‍ച്ചക്ക് ധാരാളം സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട് . മൃദ0ഗം ശിവ ഡമരുവില്‍നിന്നും ഉത്ഭവിച്ചതായാണ് ഹിന്ദുപുരാണങ്ങള്‍ അനുശാസിക്കുന്നത്. മൃദ0ഗ വായനയില്‍ തന്റേതായ ശൈലിയില്‍ യു കെ യിലെ സംഗീതാസ്വാദകരുടെ ഇടയില്‍ സ്ഥാനം നേടിയ അനുഗ്രഹീത കലാകാരനാണ് ബാംഗ്ലൂര്‍ പ്രതാപ്. വളര്‍ന്നു വരുന്ന പുതുതലമുറക്ക് മൃദ0ഗ0 എന്ന വാദ്യോപകരണത്തിന്റെ സാധ്യതകള്‍ പകര്‍ന്നു നല്‍കുകയാണ് അദ്ദേഹം ചെയുന്നത്.

ആസ്വാദനത്തിന്റെ പാരമ്യതയ്യില്‍ എത്തിനില്‍ക്കുന്ന നിമിഷത്തില്‍ ആസ്വാദകഹൃദയത്തില്‍ നാരായണീയത്തിന്റെ ശീലുകളെ കോര്‍ത്തിണക്കിയും,ഭഗവാന്‍ കൃഷ്ണനെ ഏറ്റവും പ്രിയ രാഗമായ മുഖാരിയില്‍ തുടങ്ങുന്ന ഇരയ്യിമ്മന്‍ തമ്പിയുടെ കൃതിയായ അടിമലരിണ തന്നെ കൃഷ്ണാ …..എന്നു തുടങ്ങുന്ന കീര്‍ത്തന0 രാജേഷ് രാമന്‍ ആലപിച്ചപ്പോള്‍ ഏകാദശി സംഗീതോത്സവം ഭഗവാന്റെ മുന്‍പില്‍ പൂര്‍ണമായും സമര്‍പ്പിക്കപെടുകയാണ് ചെയ്തത് .തുടര്‍ന്ന് നിറഞ്ഞ സദസില്‍ ഭഗവാനെ സാക്ഷി നിര്‍ത്തി പഞ്ചരത്‌നകീര്‍ത്തനാലാപനം കുടി ആയപ്പോള്‍ ത്രോണ്‍ട്രോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുരുവായൂര്‍പുരി ആയിമാറിയിരുന്നു .നമ്മെവിട്ടു പിരിഞ്ഞ സംഗീതാചാര്യന്‍ ശ്രീ ബലമുരളീകൃഷ്ണയുടെ അനുസ്മരണവും വേദിയില്‍ നടന്നു .തുടര്‍ന്ന് സംഗീതോത്സവത്തില്‍പങ്കെടുത്ത എല്ലാവരെയുo ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സ0ഘാടകര്‍ ആദരിക്കുകയും . പതിവ് പോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദിപാരാധനയും, തുടര്‍ന്ന് അന്നദാനവും നടത്തുകയുമുണ്ടായി ,അടുത്ത മാസത്തെ അയ്യപ്പപൂജക്കും ധനുമാസതിരുവാതിരാഘോഷത്തിന്റെയും കാത്തിരുപ്പുകള്‍ ആണ് ഓരോ ലണ്ടന്‍ മലയാളിക്കും ഉള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

07828137478 , 07519135993, 07515918523

Email: londonhinduaikyavedi@gmail.com
facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.